പാക് സേന മർദിച്ചില്ലെന്ന് ബിഎസ്‌എഫ് ജവാൻ

ന്യൂഡൽഹി
അബദ്ധത്തിൽ അതിർത്തി കടന്ന ജവാൻ പൂർണംകുമാർ ഷായെ പാക്‌സേന ശാരീരികമായി ഉപദ്രവിക്കുകയോ മർദിക്കുകയോ ചെയ്തിട്ടില്ലെന്ന് ബിഎസ്‌എഫ് വൃത്തങ്ങൾ. 21 ദിവസം പാകിസ്ഥാന്റെ പിടിയിലായ ജവാനെ ബുധനാഴ്‌ചയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. കണ്ണുമൂടി ജയിലിലടച്ചെന്നും അസഭ്യം പറഞ്ഞെന്നും ഉറങ്ങാൻ അനുവദിച്ചില്ലെന്നും ജവാൻ പറഞ്ഞതായാണ് വിവരം.
പല്ലുതേക്കാൻ അനുവദിച്ചില്ല. അതിർത്തിയിലെ ബിഎസ്‌എഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ ആരാഞ്ഞു. മൂന്ന് അജ്ഞാത കേന്ദ്രങ്ങളിൽ പാർപ്പിച്ചു. വിമാനങ്ങളുടെ ശബ്ദം കേൾക്കാമായിരുന്നു. വ്യോമതാവളത്തിനടുത്തായിരുന്നു ഒരു സ്ഥലമെന്നും ജവാൻ വെളിപ്പെടുത്തി.
പൂർണംകുമാർ ഷായിൽനിന്ന് ബിഎസ്‌എഫ് ഔപചാരിക വിശദീകരണം തേടി. പാകിസ്ഥാൻ കസ്റ്റഡിയിലായിരിക്കേ ധരിച്ചിരുന്ന വസ്ത്രങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധിച്ചശേഷം ഉപേക്ഷിച്ചു. മാനസിക,-ശാരീരിക ആരോഗ്യം വിലയിരുത്തി. കുടുംബവുമായി സംസാരിക്കാൻ അനുവദിച്ചു.
പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലക്കാരനാണ് ഷാ. ഇന്ത്യൻ കർഷകരുടെ സംരക്ഷണത്തിനായി വിന്യസിച്ച ബിഎസ്എഫ് 'കിസാൻ ഗാർഡി'ന്റെ ഭാഗമായി ഡ്യൂട്ടി ചെയ്യുന്നതിനിടെ അബദ്ധത്തിൽ അതിർത്തിരേഖ കടക്കുകയായിരുന്നു.









0 comments