പഞ്ചാബിനെ "ധർണകളുടെ സംസ്ഥാനം" ആക്കി; ഇരുന്നൂറോളം കർഷക നേതാക്കളെ അറസ്റ്റ്‌ ചെയ്‌ത്‌ എഎപി സർക്കാർ

Bhagwant Mann

photo credit: X

വെബ് ഡെസ്ക്

Published on Mar 04, 2025, 10:08 PM | 1 min read

ന്യൂഡൽഹി: പഞ്ചാബിൽ സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) ഇരുന്നൂറോളം നേതാക്കളെ അറസ്റ്റ്‌ ചെയ്‌ത്‌ എഎപി സർക്കാർ.


'ചണ്ഡീഗഡ് ചലോ' മാർച്ച് ഉൾപ്പെടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക് മുന്നോടിയായാണ്‌ എഎപി സർക്കാരിന്റെ അറസ്റ്റ്‌. ചൊവ്വാഴ്ച പുലർച്ചെ നിരവധി യൂണിയൻ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതായി എസ്‌കെഎം പറഞ്ഞു.


കർഷകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തിങ്കളാഴ്ച രാത്രി കർഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചകൾ പാതിവഴിയിൽ പരാജയപ്പെട്ടു. തുടർന്ന്‌ ദേഷ്യപ്പെട്ട്‌ ഭഗവന്ത് മാൻ ഒരു പ്രകോപനവുമില്ലാതെ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി കർഷക നേതാക്കൾ പറഞ്ഞു. കർഷകർ പഞ്ചാബിനെ "ധർണകളുടെ സംസ്ഥാനം" ആക്കി മാറ്റിയെന്നും വലിയ നഷ്ടം വരുത്തിവച്ചെന്നും പറഞ്ഞു.


യോഗത്തിനുശേഷം പൊലീസ് കർഷകരുടെ വീടുകൾ റെയ്ഡ് ചെയ്യാൻ തുടങ്ങി എന്നും അവരിൽ പലരെയും കുറിച്ച് അന്വേഷണം നടത്തിയെന്നും കർഷകർ പറഞ്ഞു. "ഫിറോസ്പൂരിലെ എന്റെ വീട്ടിൽ പുലർച്ചെ 3 മണിക്ക് പൊലീസ് എത്തി. എന്നെ കരുതൽ തടങ്കലിലാക്കി," ക്രാന്തികാരി കിസാൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗുർമീത് സിംഗ് മെഹ്മ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.


ബുധനാഴ്ച ചണ്ഡീഗഢ് ചലോ ഉൾപ്പെടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രതിഷേധത്തിന് കർഷക യൂണിയൻ ആഹ്വാനം ചെയ്തിരുന്നു.


പൊലീസിന്റെ നടപടിയിൽ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. തിങ്കളാഴ്ച രാത്രി മുതൽ പഞ്ചാബിലുടനീളമുള്ള കർഷക നേതാക്കളുടെ വീടുകളിൽ പഞ്ചാബ് പൊലീസ് റെയ്ഡ് നടത്തിയതായും നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തതായും എസ്‌കെഎം പറഞ്ഞു.


എംഎസ്‌പിക്ക് നിയമപരമായ ഉറപ്പ് നൽകൽ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകൾ കഴിഞ്ഞ ഒരു വർഷമായി ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home