മയക്കുമരുന്നുമായ് ഡ്രോണുകൾ പറന്നെത്തുന്നു; അതിർത്തിയിൽ ആന്റിഡ്രോൺ കവചവുമായി പഞ്ചാബ്

ചണ്ഡീഗഡ്: പാകിസ്ഥാൻ അതിർത്തി വഴി ഡ്രോണുകൾ ഉപയോഗിച്ചുള്ള മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്ത് തടയാൻ പുതിയ പ്രതിരോധ തന്ത്രവുമായി പഞ്ചാബ് സർക്കാർ. അതിർത്തി കടന്നെത്തുന്ന ഡ്രോണുകൾ നിശ്ചലമാക്കാൻ ശേഷിയുള്ള ആന്റി-ഡ്രോൺ സംവിധാനം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉദ്ഘാടനം ചെയ്തു.
അതിർത്തി ജില്ലയായ തരൺ തരണിൽ മൂന്ന് ആന്റി-ഡ്രോൺ സംവിധാനങ്ങൾ സ്ഥാപിച്ചു. അതിർത്തി സുരക്ഷാ സേനയുമായി സഹകരിച്ചാണ് പ്രതിരോധത്തിന്റെ രണ്ടാം നിരയായി ഈ സംവിധാനം വിന്യസിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് എണ്ണം കൂടി വിന്യസിക്കാനുള്ള പദ്ധതിയുണ്ട്.
അതിർത്തി പ്രദേശങ്ങളിൽ സ്വന്തമായി ആന്റി-ഡ്രോൺ സംവിധാനം വിന്യസിച്ചിരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്.

ഡ്രോൺ പ്രവർത്തനം കണ്ടെത്തുമ്പോഴെല്ലാം ഈ സംവിധാനം അതിനെ തടയുകയും നിർവീര്യമാക്കുകയും ചെയ്യും. പാകിസ്ഥാനുമായി 553 കിലോമീറ്റർ അതിർത്തി പഞ്ചാബ് പങ്കിടുന്നു, അമൃത്സർ, തരൺ തരൺ, പത്താൻകോട്ട്, ഫാസിൽക്ക, ഫിറോസ്പൂർ, ഗുരുദാസ്പൂർ എന്നീ ജില്ലകളിലൂടെ അതിർത്തി പങ്കിടുന്നു.









0 comments