കർഷക ബന്ദ്: പഞ്ചാബിൽ 150ലധികം തീവണ്ടികൾ റദ്ദാക്കി

punjab bandh
വെബ് ഡെസ്ക്

Published on Dec 30, 2024, 01:37 PM | 1 min read

ന്യൂഡൽഹി > കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കർഷക നേതാവ്‌ ജഗജീത്‌ സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ നടത്തുന്ന കർഷക ബന്ദ്‌ പഞ്ചാബിൽ പുരോ​ഗമിക്കുന്നു. കിസാൻ മസ്ദൂർ മോർച്ച (കെഎംഎം), സംയുക്ത കിസാൻ മോർച്ച (രാഷ്‌ട്രീയേതരം) സംഘടനകൾ തിങ്കൾ രാവിലെ ഏഴ്‌ മുതൽ വൈകിട്ട്‌ നാലുവരെ ബന്ദാചരിക്കുന്നത്. പാൽ, പഴം, പച്ചക്കറി വാഹനങ്ങൾ നിരത്തിലിറങ്ങില്ല. ചന്തകൾ നാലിന്‌ ശേഷമേ തുറക്കൂ. പഞ്ചാബിലെ വിവിധയിടങ്ങളിൽ കർഷകരുടെ നേതൃത്വത്തിൽ റോഡുകൾ ഉപരോധിച്ചു. ബന്ദിനെത്തുടർന്ന് പഞ്ചാബിൽ 150ലധികം ട്രെയിനുകൾ റദ്ദാക്കി.   

ഖനൗരി അതിർത്തിയിൽ 33 ദിവസമായി നിരാഹാരം തുടരുന്ന ദല്ലേവാളിന്റെ ആരോഗ്യം അപകടകരമാംവിധം വഷളായി. പഞ്ചാബ്‌ മന്ത്രിമാരുടെ സംഘം വൈദ്യസഹായം സ്വീകരിക്കണമെന്ന്‌ ദല്ലേവാളിനോട്‌ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരാകരിക്കുകയായിരുന്നു. ദല്ലേവാളിന്റെ രക്തസമ്മർദം കുത്തനെ കുറഞ്ഞെന്നും ഉടൻ ആശുപത്രിയിലേക്ക്‌ മാറ്റണമെന്നും ഡോക്‌ടർമാർ അറിയിച്ചിരുന്നു. സമരവേദിക്ക്‌ സമീപം നിർമിച്ച താൽക്കാലിക ആശുപത്രിയിലേക്ക്‌ മാറണമെന്ന ആവശ്യവും നിരകാരിക്കപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ രജീന്ദ്ര മെഡിക്കൽ കോളേജ്‌, പട്യാല മാതാ കൗശല്യ ആശുപത്രി എന്നിവിടങ്ങളിൽനിന്നുള്ള മെഡിക്കൽ സംഘത്തെ പഞ്ചാബ്‌ സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home