ഭീകരരെ ശിക്ഷിക്കുമ്പോൾ നിരപരാധികൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം: ഒമർ അബ്ദുള്ള

Omar Abdullah

ഒമർ അബ്ദുള്ള. PHOTO: X/Omar Abdullah

വെബ് ഡെസ്ക്

Published on Apr 27, 2025, 08:55 PM | 1 min read

ശ്രീന​ഗർ: ഭീകരവാദത്തിനും അതിന്റെ ഉത്ഭവത്തിനുമെതിരെ നിർണായക പോരാട്ടത്തിന് ആഹ്വാനം ചെയ്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കുറ്റവാളികളെ ശിക്ഷിക്കുമ്പോൾ, നിരപരാധികൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും എക്‌സിൽ പങ്കുവച്ച കുറിപ്പിൽ ഒമർ അബ്ദുള്ള അറിയിച്ചു.


"പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഭീകരതയ്ക്കും അതിന്റെ ഉത്ഭവത്തിനുമെതിരെ നിർണായകമായ പോരാട്ടം നടത്തണം. കശ്മീരിലെ ജനങ്ങൾ ഭീകരവാദത്തിനും നിരപരാധികളുടെ കൊലപാതകത്തിനുമെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് അവർ സ്വതന്ത്രമായി, സ്വമേധയാ ചെയ്തതാണ്. ഈ പിന്തുണ ശക്തിപ്പെടുത്തേണ്ട സമയമാണ്. ആളുകളെ തമ്മിൽ അകറ്റുന്ന തെറ്റായ പ്രവർത്തനങ്ങൾ ഒഴിവാക്കാനുമുള്ള സമയമാണ്- ഒമർ അബ്ദുള്ള എക്‌സിൽ കുറിച്ചു. "കുറ്റക്കാരെ ശിക്ഷിക്കുക, അവരോട് ഒരു ദയയും കാണിക്കരുത്, പക്ഷേ കുറ്റവാളികളെ ശിക്ഷിക്കുമ്പോൾ നിരപരാധികൾക്ക് നാശനഷ്ടങ്ങളുണ്ടാകാൻ അനുവദിക്കരുത് എന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരമായ പഹൽഗാമിനടുത്തുള്ള ബൈസരൻ പുൽമേടിൽ ഭീകരാക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന്, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വിവിധ പാർടികളിൽ നിന്നുള്ള നേതാക്കൾ ഒത്തുചേർന്നിരുന്നു. ഏപ്രിൽ 23 മുതൽ പഹൽഗാം ഭീകരാക്രമണം നടന്ന സ്ഥലത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘങ്ങൾ നിലയുറപ്പിക്കുകയും തെളിവുകൾ ശേഖരിച്ച് തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. ഭീകരവിരുദ്ധ ഏജൻസിയിലെ ഒരു ഐജി, ഡിഐജി, എസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ആക്രമണ സ്ഥലത്തുണ്ടായിരുന്നവരെ ചോദ്യം ചെയ്തുവരികയാണ്.


അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്. ഏപ്രിൽ 23-ന് ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച് അവലോകനം നടത്തി. ഭീകരാക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ സുരക്ഷാകാര്യങ്ങൾക്കായുളള കേന്ദ്രമന്ത്രിസഭാ സമിതി ബുധനാഴ്‌ച യോഗം ചേർന്ന്‌ വിലയിരുത്തിയിരുന്നു. പാകിസ്ഥാന്‌ പങ്കുണ്ടെന്ന നിലപാടിലാണ്‌ ഇന്ത്യ. എന്നാൽ, ആക്രമണത്തിൽ പങ്കില്ലെന്നാണ്‌ പാകിസ്ഥാൻ അവകാശപ്പെടുന്നത്‌. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. ഇതേ തുടർന്ന് ഇന്ത്യ പാകിസ്ഥാനെതിരെ നയതന്ത്ര നടപടികൾ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബുധൻ വൈകുന്നേരം സുരക്ഷാ കാര്യങ്ങൾക്കായി ചേർന്ന മന്ത്രിസഭാ സമിതി(സിസിഎസ്) യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Home