കുതിച്ചുയർന്നു, പക്ഷേ...

ദിലീപ് മലയാലപ്പുഴ
Published on May 19, 2025, 03:30 AM | 2 min read
തിരുവനന്തപുരം
ഐഎസ്‌ആർഒയുടെ ഏറ്റവും വിശ്വസ്‌തമായ റോക്കറ്റ്. 2000 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ കൃത്യമായി ലക്ഷ്യക്ഷത്തിലെക്കാനുള്ള ശേഷി. ഐഎസ്ആർഒയുടെ പടക്കുതിരയാണ് എന്നും പിഎസ്‌എൽവി. എന്നാൽ, കുതിച്ചുയർന്ന് നാലാം മിനിട്ടിൽ ‘പിഎസ്‌എൽവി സി 61’ റോക്കറ്റുമായുള്ള ബന്ധം നഷ്ടമായതോടെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ മ്ലാനത പടർന്നു.
മിഷൻ കൺട്രോൾ സ്‌ക്രീനിലെ ഗ്രാഫ് താളംതെറ്റി താഴോട്ടു നീങ്ങി. റോക്കറ്റ് നിയന്ത്രണം നഷ്ടമായി തകർന്നെന്ന് ശാസ്‌ത്രജ്‌ഞർ ഉറപ്പിച്ചു. ശ്രീഹരിക്കോട്ടയിൽനിന്ന് രണ്ടായിരത്തോളം കിലോമീറ്റർ എത്തിയപ്പോഴായിരുന്നു ഇത്. തിരുവനന്തപുരം, മൗറീഷ്യസ് ട്രാക്കിങ് സ്‌റ്റേഷനുകളുടെ ദൃശ്യപരിധിയിലായിരുന്നു റോക്കറ്റ് അപ്പോൾ.
ഒന്നും രണ്ടും ഘട്ടങ്ങൾ കൃത്യതയോടെ പ്രവർത്തിച്ചു. അപ്രതീക്ഷിതമായിരുന്നു സാങ്കേതികത്തകരാർ. രണ്ടാം ഘട്ടം വേർപെടുകയും തൊട്ടടുത്ത നിമിഷം റോക്കറ്റിലെ ഖര ഇന്ധന ഘട്ടം ജ്വലിക്കുകയും ചെയ്‌തു. തുടർന്നാണ് താളംതെറ്റിയത്. 7.65 ടണ്ണുള്ള മൂന്നാം ഘട്ടമാണ് ഉപഗ്രഹത്തെ നിശ്ചിത പഥത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കേണ്ടത്. ആ ഘട്ടത്തിന്റെ ഹൃദയമായ മോട്ടോറിൽ ഉണ്ടായ മർദവ്യത്യാസമാണ് പ്രശ്‌നമായതെന്നാണ് ആദ്യ നിഗമനം.
പിഎസ്എൽവിയുടെ മൂന്നാം ഘട്ടം തകരാറിലാകുന്നത് ആദ്യമാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് കണ്ടെത്താൻ സമയമെടുക്കും. ഇതിനായി പ്രത്യേക സാങ്കേതിക കമ്മിറ്റി വരും. പാത നിയന്ത്രിക്കുന്ന നോസിലിനും തകരാർ ഉണ്ടായേക്കാമെന്നും വിദഗ്‌ധർ പറയുന്നു. പിഎസ്‌എൽവിയുടെ 63–-ാമത്തേതും എക്‌സൽ ശ്രേണിയിലുള്ള 27–-ാമത്തേയും ദൗത്യമായിരുന്നു ഇത്.
ഇതുവരെയുള്ളതിൽ 1993 സെപ്തംബർ, 97 സെപ്‌തംബർ, 2017 ആഗസ്ത് ദൗത്യങ്ങൾ മാത്രമാണ് പരാജയപ്പെട്ടത്. ഒറ്റയടിക്ക് നൂറിലധികം ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുമുണ്ട്. ചന്ദ്രയാൻ, മംഗൾയാൻ പേടകങ്ങളെ ഭൂഭ്രമണപഥത്തിൽ എത്തിച്ചതും പിഎസ്‌എൽവിയാണ്. ശ്രീഹരിക്കോട്ടയിൽനിന്നുള്ള നൂറ്റിയൊന്നാമത് ദൗത്യമായിരുന്നു ഞായറാഴ്‌ചത്തേത്. ജനുവരി 24ന് നടന്ന ജിഎസ്‌എൽവി എഫ് 15 വിക്ഷേപണം വിജയകരമായിരുന്നെങ്കിലും എൻവി –-02 ഉപഗ്രഹത്തെ നിശ്‌ചിത ഭ്രമണപഥത്തിൽ ഉറപ്പിക്കാനായില്ല. ഉപഗ്രഹത്തിലെ ജ്വലന സംവിധാനത്തിന്റെ തകരാറായിരുന്നു പ്രശ്‌നം.
ഉടൻ തിരിച്ചു വരും: ഡോ. വി നാരായണൻ
ഇഒഎസ്–09 വിക്ഷേപണം പരാജയം പഠിച്ച് പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി നാരായണൻ പറഞ്ഞു. ‘എത്രയും വേഗം ഞങ്ങൾ തിരിച്ചുവരും, മറ്റു ദൗത്യങ്ങളെ ഇത് ബാധിക്കില്ല’–- അദ്ദേഹം വ്യക്തമാക്കി.
പാഠം ഉൾക്കൊണ്ട് മുന്നോട്ട്: എസ് സോമനാഥ്
പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് ഐഎസ്ആർഒ കരുത്തോടെ മുന്നോട്ട് പോകുമെന്ന് മുൻ ചെയർമാൻ ഡോ. എസ് സോമനാഥ്. വെല്ലുവിളികൾ പുതിയ നേട്ടങ്ങൾക്കുള്ള പാതയാണ്. പിഎസ്എൽവിയുടെതുടക്കത്തിൽ നിരവധി വെല്ലുവിളികളുണ്ടായിരുന്നു. അവയെല്ലാം കൂട്ടായ ശ്രമത്തിൽ പരിഹരിച്ചു. ഇപ്പോഴത്തെ പരാജയം അസാധാരണമെങ്കിലുംപരിഹരിക്കാനാകും–- അദ്ദേഹം പറഞ്ഞു.









0 comments