മോദിയുടെ ബാനറുകൾ നശിപ്പിച്ചെന്ന് ആരോപണം; രണ്ടുപേർ അറസ്റ്റിൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം

ഫയൽ ചിത്രം
ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വീണ്ടും സംഘർഷം. ആൾക്കൂട്ടവും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിച്ചുവെന്ന് ആരോപിച്ച് രണ്ട് യുവാക്കൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. യുവാക്കളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പിയേഴ്സൺമൺ, ഫൈലിയൻ ബസാർ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ബാനറുകളും കട്ടൗട്ടുകളും നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ചില യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എന്നാൽ രണ്ട് യുവാക്കളെ മാത്രം ബാനറുകൾ നശിപ്പിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്യായമായി അറസ്റ്റ് ചെയ്ത യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആൾക്കൂട്ടം ചുരാചന്ദ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. തുടർന്ന് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. പ്രദേശത്ത് ക്രമസമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നതായി പൊലീസ് അവകാശപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് മോദി മണിപ്പൂർ സന്ദർശനം നടത്തിയത്. 2023ലെ കുക്കി - മെയ്ത്തി ഗോത്ര കലാപത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്.









0 comments