എസ് സി വിഭാഗത്തില്‍ 64 ശതമാനവും ഒബിസിയില്‍ 80 ശതമാനവും ഒഴിവ് നികത്തുന്നില്ല , സംവരണ വിഭാഗങ്ങൾക്കുള്ള നിയമനത്തില്‍ ഗുരുതരവീഴ്‌ച
പ്രൊഫസര്‍ നിയമനം ; 83 ശതമാനം പട്ടികവര്‍ഗ തസ്‌തികയും ഒഴിഞ്ഞുതന്നെ

ന്യൂഡല്‍ഹി
രാജ്യത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് സംവരണ വിഭാഗങ്ങൾക്കുള്ള നിയമനത്തില്‍ ഗുരുതരവീഴ്‌ചയുണ്ടായെന്ന് പാര്‍ലമെന്റില്‍ തുറന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രൊഫസർ തസ്‌തികയിലേക്ക് ഒബിസി, എസ്‌സി, എസ്ടി വിഭാഗങ്ങളില്‍നിന്ന് നിയമനം നടത്തുന്നതിലാണ് ഗുരുതരവീഴ്‌ച.
കേന്ദ്ര സര്‍വകലാശാലകളില്‍ ഒബിസി വിഭാഗത്തില്‍നിന്ന് 423 പ്രൊഫസർമാരെ നിയമിക്കേണ്ട സ്ഥാനത്ത് നടത്തിയത് 84 നിയമനം മാത്രം. 80 ശതമാനം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. എസ്‌സി വിഭാഗത്തില്‍നിന്ന് 308 പ്രൊഫസര്‍മാരെ നിയമക്കേണ്ടിടത്ത് അഞ്ചുവര്‍ഷത്തിനിടെ നടത്തിയത് 111 നിയമനം മാത്രം. ഒഴിവ് 64 ശതമാനം. പട്ടികവര്‍ഗവിഭാഗത്തില്‍നിന്ന് പ്രൊഫസർമാരുടെ 144 ഒഴിവ് ഉണ്ടായിരിക്കെ നിയമിച്ചത് 24 പേരെ. 83 ശതമാനം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. ആര്‍ജെഡി എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് കേന്ദ്രസഹമന്ത്രി സുകാന്ത മജുംദാർ രാജ്യസഭയിൽ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
2025 ജൂൺ 30 വരെ, എല്ലാ വിഭാഗങ്ങളിലുമായി കേന്ദ്ര സർവകലാശാലകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികകളുടെ ആകെ തസ്‌തിക 18,951 ആയിരുന്നു. ഇതിൽ ജനറൽ വിഭാഗത്തിൽ, 15 ശതമാനം സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഒബിസി വിഭാഗത്തില്‍ 3,688 നിയമം നടത്തേണ്ടതില്‍ 40 ശതമാനം ഒഴിവ് അവശേഷിക്കുന്നു. 2,310 എസ് സി തസ്‌തികയില്‍ നടത്തിയത് 1,599 നിയമനം മാത്രം. 30 ശതമാനത്തോളം തസ്‌തിക ബാക്കി. പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള നിയമനങ്ങളിലാണ് ഏറ്റവും വലിയ വിടവ്. അനുവദിച്ച 1,155 തസ്‌തികകളിൽ നടത്തിയത് 727 നിയമനം മാത്രം. 37 ശതമാനം തസ്‌തിക ഒഴിവ്.
എസ്‌ടി വിഭാഗത്തിൽനിന്ന് 17 ഹൈക്കോടതി ജഡ്‌ജിമാർമാത്രം
രാജ്യത്ത് പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങളിൽനിന്നുള്ള ജഡ്‌ജിമാരുടെ എണ്ണം നന്നേ കുറവെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളാണ് മറുപടി നൽകിയത്. 2018 മുതൽ നിയമിക്കപ്പെട്ട 743 ഹൈക്കോടതി ജഡ്‌ജിമാരിൽ വെറും 17 പേരാണ് എസ്‌ടി വിഭാഗക്കാർ. എസ്‌സി വിഭാഗത്തിൽ നിന്ന് 23 പേർ മാത്രം. ഒബിസി വിഭാഗത്തിൽ നിന്ന് 93.
ഹൈക്കോടതികളിൽ 105 വനിത ജഡ്‌ജിമാർ മാത്രം. സുപ്രീംകോടതിയിലെ 33 ജഡ്‌ജിമാരിൽ ജസ്റ്റിസ് ബി വി നാഗരത്ന മാത്രമാണ് വനിത. എല്ലാ ഹൈക്കോടതികളിലുമായി 1122 ജഡ്‌ജിമാർ വേണ്ടയിടത്ത് 371 തസ്‌തികയിൽ നിയമനം നടത്തിയിട്ടില്ല.
ഭരണഘടന കോടതികളിലെ നോൺ ജുഡീഷ്യൽ സ്റ്റാഫ് നിയമനങ്ങളുടെ കൃത്യമായ രേഖ കൈവശമില്ലന്ന് കേന്ദ്രം സമ്മതിച്ചു. അതിനാൽ കൃത്യമായ സംവരണരേഖയുമില്ല. വിവരം ലഭ്യമായ ഏഴുഹൈക്കോടതികളിൽ മേഘാലയയിൽ എസ്‌ടി വിഭാഗത്തിന് നിയമനമേയില്ല.









0 comments