മണിപ്പുരിലെ രാഷ്‌ട്രപതി ഭരണം: ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഭരണപാപ്പരത്തം: സിപിഐ എം

CPIM FLAG
വെബ് ഡെസ്ക്

Published on Feb 14, 2025, 03:42 PM | 1 min read

ന്യൂഡൽഹി: മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഭരണപാപ്പരത്തത്തെയാണ്‌ അടിവരയിടുന്നതെന്ന്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ. മണിപ്പുരിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടിയല്ല, മറിച്ച് ഭരണ സഖ്യത്തിനുള്ളിലെ ആഭ്യന്തര സംഘർഷങ്ങൾ പരിഹരിക്കുന്നതിന് സമയം കണ്ടെത്തുന്നതിനാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതെന്ന്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.


രണ്ട് വർഷമായി മണിപ്പുർ കലാപ ഭൂമിയാണ്‌. കലാപത്തിനു പുറകിൽ ബിജെപി-ആർഎസ്എസിന്റെ പിന്തുണയോടെ പ്രവർത്തിച്ച മുഖ്യപ്രതിയായ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവയ്ക്കാൻ നിർബന്ധിതനായി. കോടതിയിൽ അദ്ദേഹത്തിന്റെ പക്ഷപാതപരമായ പങ്ക് പരിശോധിച്ചുകൊണ്ടിരുന്നതിനാലും തെളിവുകൾ ഹാജരാക്കിയതിനാലും രാജിവയ്ക്കുകയല്ലാതെ അദ്ദേഹത്തിന്‌ മറ്റ് മാർഗമില്ലായിരുന്നു.


മണിപ്പുരിലെ ജനങ്ങൾ അനുഭവിച്ച ദുരിതം അവസാനിപ്പിക്കുന്നതിന്‌ ആവശ്യമായ നടപടി സ്വീകരിക്കാൻ ഭരണകക്ഷിയും കേന്ദ്ര സർക്കാരും വിസമ്മതിച്ചു. മണിപ്പുർ സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതിക്കുകയാണുണ്ടായത്‌. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് മുകളിൽ സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഭരണകക്ഷിയുടെയും അത് നയിക്കുന്ന സംസ്ഥാന, കേന്ദ്ര സർക്കാരിന്റെയും വിഭാഗീയ സമീപനത്തെ ഇത് തുറന്നുകാട്ടുന്നു.


രാഷ്ട്രപതി ഭരണം ഒരു പരിഹാരമല്ല. എന്നിരുന്നാലും, ഇപ്പോൾ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. വിവിധ സമുദായങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തി ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. സമയപരിധിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. എല്ലാ രാഷ്ട്രീയ പാർടികളെയും വിശ്വാസത്തിലെടുത്ത് സംസ്ഥാനത്തെ സാധാരണ നിലയിലേക്ക്‌കൊണ്ടുവരികയും സമാധാനം, ഐക്യം എന്നിവ കൊണ്ടുവരുന്നതിനും സംസ്ഥാനത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ പരിഹാരങ്ങളിൽ എത്തിച്ചേരണം എന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home