മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അടുത്ത ആറുമാസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച പ്രമേയത്തിന് പാർലമെന്റ് അംഗീകാരം നൽകി. രാജ്യസഭ ഇന്ന് ശബ്ദവോട്ടോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. ആഗസ്ത് 13 മുതൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ഫെബ്രുവരി 13നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എൻ ബിരേൻ സിങ് രാജിവച്ചതിന് പിന്നാലെയായിരുന്നു ഭരണം ഏര്‍പ്പെടുത്തിയത്. ഏകദേശം രണ്ട് വർഷത്തോളമായി സംസ്ഥാനത്ത് തുടർന്ന അക്രമങ്ങളും രാഷ്ട്രീയ അനിശ്ചിതത്വവും കാരണമാണ് ബിരേൻ സിങ് രാജിവച്ചത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം, ഗവർണർ വഴിയാണ് രാഷ്ട്രപതി സംസ്ഥാനത്തെ ഭരണത്തിന് മേൽനോട്ടം വഹിക്കുന്നത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി പാർലമെന്റ് മണിപ്പൂർ നിയമസഭയുടെ അധികാരങ്ങൾ ഏറ്റെടുക്കുന്നതോടെ സംസ്ഥാന സർക്കാരിന്റെ അധികാരം സസ്പെൻഡ് ചെയ്യപ്പെടും.
രാഷ്ട്രപതി ഭരണം നീട്ടുന്നത് സംബന്ധിച്ച നിയമപരമായ പ്രമേയത്തിന് ലോക്സഭ കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു. കാലാവധി നീട്ടുന്നതിന് സഭയുടെ അംഗീകാരം തേടുന്ന പ്രമേയം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് അവതരിപ്പിച്ചത്.









0 comments