സമയപരിധി ശരിയാണോയെന്ന് കോടതി ; എല്ലാദിവസവും കോടതി കയറാൻ പറ്റില്ലെന്ന് തമിഴ്‌നാട്

ന്യൂഡൽഹി
ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്‌ട്രപതിയുടെ റഫറൻസിൽ (വ്യക്തത തേടല്‍) സുപ്രീംകോടതിയില്‍ വീണ്ടുംവാദം തുടങ്ങി. മൊത്തമായി സമയപരിധി നിശ്ചയിക്കുന്നത് ശരിയാണോയെന്ന ഭരണഘടന ബെഞ്ചിന്റെ ചോദ്യത്തോട് എല്ലാ ദിവസവും കോടതി കേറാൻ കഴിയില്ലെന്ന് തമിഴ്‌നാട് സർക്കാർ മറുപടി നൽകി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ചിന് മുന്പാകെ തമിഴ്‌നാടിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തമ്മിൽ വാക്കുതർക്കവും അരങ്ങേറി.ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവയ്‌ക്കാനോ അതിനെ കൊല്ലാനോ അധികാരമുള്ള സൂപ്പർ മുഖ്യമന്ത്രിയല്ല ഗവർണറെന്ന് സിങ്‌വി ആവർത്തിച്ചു. ഒരു ബില്ലിനെ കൊല്ലാനുള്ള അധികാരം സർക്കാരിനും സഭയ്‌ക്കും മാത്രമാണുള്ളത്.
ഗവർണർക്ക് അധികാരം നൽകുന്ന ഒരു വ്യവസ്ഥയുമില്ല. ഗവർണറെയും രാഷ്‌ട്രപതിയെയും ജുഡീഷ്യൽ റിവ്യൂവിൽനിന്ന് ഒഴിവാക്കിയാൽ അധികാരം എല്ലാ സീമകളും ലംഘിക്കും. അതിനാൽ ബില്ലുകളിൽ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചത് ഉചിതമാണ്. ഇൗ ഘട്ടത്തിലാണ് മൊത്തമായി സമയപരിധി നിശ്ചയിക്കേണ്ടതുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്. ഏതെങ്കിലും ബില്ലിൽ പ്രശ്‌നമുണ്ടായാൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമല്ലോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാൽ എല്ലാ ദിവസവും കോടതി കയറാൻ താൽപര്യമില്ലെന്ന് സിങ്‌വി മറുപടി നൽകി. സമയപരിധി ഗവർണറും രാഷ്‌ട്രപതിയും ലംഘിച്ചാൽ അത് കോടതിയലക്ഷ്യമാകില്ലേയെന്നും പ്രത്യാഘാതമുണ്ടാകില്ലേയെന്നും ബെഞ്ച് വീണ്ടും ചോദിച്ചു. സമയത്ത് ഒപ്പിട്ടില്ലെങ്കിൽ അത് പാസായതായി കണക്കാക്കുന്നതാണ് പ്രത്യാഘാതമെന്ന് സിങ് മറുപടി നൽകി. ചൊവ്വാഴ്‌ച തമിഴ്‌നാടിന്റെ വാദം പൂർത്തിയായി.









0 comments