ഗവർണർക്ക് ബിൽ പിടിച്ചുവയ്‌ക്കാമെന്ന് കേന്ദ്രം
നിയമനിർമാണാധികാരം സഭയ്‌ക്കുതന്നെ : സുപ്രീംകോടതി

ന്യൂഡൽഹി
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവച്ചാൽ അവ മരിച്ചതായി കണക്കാക്കണമെന്ന് സുപ്രീംകോടതിൽ വിചിത്രവാദം ഉന്നയിച്ച് കേന്ദ്രസർക്കാർ. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിവിധിയിൽ രാഷ്‌ട്രപതി നൽകിയ റഫറൻസി(വ്യക്തത തേടൽ)ലെ വാദത്തിനിടെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അസാധാരണ വാദമുന്നയിച്ചത്. ഇത്തരത്തിൽ വീറ്റോ അധികാരം അനുവദിച്ചാൽ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്‌ക്കുമെന്നും അത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ തെരഞ്ഞെടുക്കപ്പെടാത്ത ഗവർണർ ചൊൽപ്പടിലാക്കുന്നതിന് തുല്യമാകുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായി നിരീക്ഷിച്ചു.
നിയമനിർമാണാധികാരം നിയമസഭയ്‌ക്കുതന്നെയാണെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് അടിവരയിട്ടുപറഞ്ഞു.
ഭരണഘടനയുടെ 200–ാം അനുച്ഛേദപ്രകാരം ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക് വിവേചനാധികാരമുണ്ടെന്നായിരുന്നു മേത്തയുടെ വാദം. ഒപ്പിടുക, തടഞ്ഞുവയ്‌ക്കുക, രാഷ്ട്രപതിക്ക് അയക്കുക, സഭയിലേക്ക് തിരിച്ചയക്കുക എന്നിവ ഗവർണർക്ക് ചെയ്യാം. പിടിച്ചുവച്ചു എന്ന് ഗവർണർ പറഞ്ഞാൽ ബിൽ മരിച്ചു എന്നാണ് അർഥം. അത് പിന്നീട് സഭയ്‌ക്ക് തിരിച്ചയക്കേണ്ടതില്ല. ഒപ്പിട്ടില്ലെങ്കിൽ ബിൽ വീണ്ടും സഭയിലേക്ക്‌അയക്കണമെന്ന പഞ്ചാബ് ഗവണർ കേസിലെ വിധി തെറ്റാണ്.
ഗവർണറുടെ അധികാരങ്ങൾ ഭരണഘടന കർശനമായി നൽകുന്നതാണ്. മറ്റ് ഭരണഘടനകളിൽ സമാനമായ വ്യവസ്ഥകൾ എങ്ങനെ പരിഗണിക്കപ്പെടുന്നുവെന്നത് പരിശോധിക്കണമെന്നും മേത്ത ആവശ്യപ്പെട്ടു. എന്നാൽ ബെഞ്ച് ഇതിനെ ഖണ്ഡിച്ചു. ബില്ലിൽ പരിഷ്‌കാരം നിർദേശിക്കാമെങ്കിലും അത് മരിച്ചുവെന്ന് പറയാൻ പറ്റില്ലെന്ന് ബെഞ്ച് പറഞ്ഞു. യുക്തിയില്ലാതെ ബില്ലുകൾ പിടിച്ചുവയ്‌ക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. വാദം വ്യാഴാഴ്‌ച തുടരും.









0 comments