ഗവർണർ അടയിരുന്നാൽ കൈയുംകെട്ടി നിൽക്കില്ലെന്ന് ഭരണഘടനാബെഞ്ച്
രാഷ്‌ട്രപതിയുടെ റഫറൻസിൽ വാദം പൂർത്തിയായി ; ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി

ന്യൂഡൽഹി
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്കെതിരെയുള്ള രാഷ്‌ട്രപതിയുടെ വ്യക്തത തേടലിൽ (റഫറൻസ്) പത്തുദിവസം നീണ്ട വാദം പൂർത്തിയായി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വിരമിക്കുന്ന നവംബർ 23ന് മുന്പ് റഫറൻസിൽ ഭരണഘടനാബെഞ്ച് തീരുമാനമെടുത്ത് രാഷ്‌ട്രപതിയെ അറിയിക്കും.
അതേസമയം, തമിഴ്‌നാട് സർക്കാരിന്റെ ഹർജിയിൽ സമയപരിധി നിശ്ചയിച്ചുള്ള ഉത്തരവ് അന്തിമമാണെങ്കിലും അതിലെ നിയമ കാഴ്‌ചപ്പാട് തെറ്റാണെന്ന് പ്രഖ്യാപിക്കണമെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. 2ജി സ്‌പെക്‌ട്രം വിധിക്കെതിരായ റഫറൻസിലും ശരിയായ നിയമ കാഴ്‌ചപ്പാടിലുള്ളതാണോയെന്ന് രാഷ്‌ട്രപതി ആരാഞ്ഞിരുന്നു. ഗവർണർ ബിൽ രാഷ്‌ട്രപതിക്ക് വിട്ടാൽ അതിനെ എതിർത്ത് എംഎൽഎമാർ ഹർജി നൽകിയാൽ കോടതി എന്ത് പറയുമെന്നും മേത്ത ചോദിച്ചു. എന്നാൽ, നിലവിലെ റഫറൻസിൽ വിധിയുടെ നിയമപരമായ കാഴ്‌ചപ്പാടിനെ രാഷ്‌ട്രപതി ചോദ്യംചെയ്‌തിട്ടില്ലെന്നും ഇല്ലാത്ത ചോദ്യത്തിന് ഉത്തരമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബില്ലുകളിൽ ഗവർണർ അടയിരുന്നാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. അധികാര വിഭജനമെന്ന തത്വത്തിൽ വിശ്വസിക്കുന്നു. ജുഡീഷ്യൽ ആക്‌റ്റിവിസം ജുഡീഷ്യൽ സാഹസമായി മാറരുത്. ജനാധിപത്യത്തിന്റെ ഒരു ഘടകം ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ ഭരണഘടനയുടെ സംരക്ഷകരായ കോടതി കൈയുംകെട്ടിയിരിക്കില്ലെന്ന് പരസ്യമായി പറയുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേരളവും തമിഴ്‌നാടും പശ്‌ചിമ ബംഗാളും, പഞ്ചാബും റഫറൻസിനെ എതിർത്തു. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ അനുകൂലിച്ചു. 14 ചോദ്യങ്ങളാണ് ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ച് രാഷ്‌ട്രപതി നൽകിയത്.









0 comments