രാഷ്‌ട്രപതിയുടെ റഫറൻസ് ; കേരളത്തിന്റെ വാദം ആദ്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി
നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച ചരിത്രവിധിക്കെതിരെ രാഷ്‌ട്രപതി ദ്രൗപദി മുർമു നൽകിയ റഫറൻസിൽ സുപ്രീംകോടതി ആഗസ്‌ത് 19 മുതൽ വാദംകേൾക്കും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് ഒമ്പത് ദിവസം വാദം കേൾക്കും. രാഷ്‌ട്രപതിയുടെ റഫറൻസിന് നിലനിൽപ്പില്ലെന്നും മറുപടി നൽകാതെ തിരിച്ചയക്കണമെന്നുമുള്ള കേരളത്തിന്റെ വാദമാകും ആദ്യം പരിഗണിക്കുക.
ആഗസ്‌ത് 12നകം എല്ലാ സംസ്ഥാനങ്ങളും അഭിപ്രായമറിയിക്കാനും ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ റഫറൻസിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യുന്നതായി പറഞ്ഞു. തുടർന്നാണ് ഈ വിഷയമാകും ആദ്യം കേൾക്കുകയെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. റഫറൻസിനെ അനുകൂലിക്കുന്നവരെ 19, 20, 21, 26 തീയതികളിലും, എതിർക്കുന്നവരെ 28, സെപ്തംബർ രണ്ട്, മൂന്ന്, ഒമ്പത് തീയതികളിലും കേൾക്കും. മറുപടിവാദം 10ന്. റഫറൻസിനെ എതിർക്കുന്നവരുടെ നോഡൽ ഓഫീസറായി അഭിഭാഷക മിഷ റോഹ്‌തഗിയെയും കേന്ദ്രത്തിന്റെ നോഡൽ ഓഫീസറായി അമൻ മേത്തയെയും നിർദേശിച്ചു.
സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധി ഏപ്രിൽ എട്ടിനാണ് സുപ്രീംകോടതി പാസാക്കിയത്. ഇതിനെതിരെ ഭരണഘടനയുടെ അനുച്ഛേദം 143(1) പ്രകാരം രാഷ്‌ട്രപതി നൽകിയ റഫറൻസിൽ 14 ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തമിഴ്‌നാടും റഫറൻസിന്റെ നിലനിൽപ്പ് ചോദ്യംചെയ്‌തിട്ടുണ്ട്.









0 comments