റഫറൻസിനെതിരെ കേരളവും തമിഴ്‌നാടും , വിശാല ബെഞ്ചിലേക്ക്‌ വിടാൻ സമ്മർദം 
ചെലുത്തി കേന്ദ്രം

രാഷ്‌ട്രപതിയുടെ റഫറൻസിൽ വാദം തുടങ്ങി ; സമയപരിധി നിശ്ചയിച്ച 
വിധിയിൽ ഇടപെടില്ലെന്ന്‌ സുപ്രീംകോടതി

presidential reference on legislative bills
avatar
റിതിൻ പൗലോസ്‌

Published on Aug 20, 2025, 03:33 AM | 1 min read


ന്യൂഡൽഹി

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്‌ട്രപതി നൽകിയ റഫറൻസിൽ (വ്യക്തത തേടൽ) സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ചിൽ പ്രാരംഭവാദം തുടങ്ങി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി എസ് നരസിംഹ, അതുൽ എസ് ചന്ദൂർക്കർ എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. എന്നാൽ സമയപരിധി നിശ്ചയിച്ച് ഏപ്രിൽ എട്ടിന്‌ രണ്ടംഗ ബെഞ്ച്‌ പുറപ്പെടുവിച്ച വിധിയിൽ ഇടപെടില്ലെന്നും നിയമപരമായ അഭിപ്രായം മാത്രമാണ്‌ രാഷ്‌ട്രപതിയെ അറിയിക്കുന്നതെന്നും ചീഫ്‌ ജസ്‌റ്റിസ്‌ വ്യക്തമാക്കി.


റഫറൻസിലെ ഒന്നുമുതൽ പതിനൊന്ന്‌ വരെയുള്ള ചോദ്യങ്ങളും തമിഴ്‌നാട്‌ കേസുമായി നേരിട്ട്‌ ബന്ധപ്പെട്ടതാണെന്നും നിയമപരമായി തീർപ്പാക്കിയ വിഷയത്തിൽ രാഷ്‌ട്രപതിക്ക്‌ റഫറൻസ്‌ ആവശ്യപ്പെടാനാവില്ലെന്നും കേരളം വാദിച്ചു. കാവേരി നദീജല തർക്കം, ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ കേസ്‌ എന്നിവയിൽ കോടതി ഇക്കാര്യം പ്രഖ്യാപിച്ചതാണെന്ന്‌ സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 143–ാം അനുച്ഛേദപ്രകാരമുള്ള റഫറൻസ്‌ വഴി ഉത്തരവുകളിൽ സ്‌പർശിക്കാൻ കോടതിക്കുപോലും അധികാരമില്ല. കേന്ദ്രസർക്കാർ റിവ്യൂഹർജി നൽകാതെ രാഷ്‌ട്രപതിയെക്കൊണ്ട്‌ റഫറൻസ്‌ ആവശ്യപ്പെടുന്നു. അനുച്ഛേദം 141 പ്രകാരം സുപ്രീംകോടതി വിധി നിയമവും 143 പ്രകാരമുള്ള റഫറൻസ്‌ ഒരു അഭിപ്രായം തേടലും മാത്രമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.


വിധിയോ, വിധിയോടുള്ള നിയമപരമായ കാഴ്‌ചപ്പാടോ റഫറൻസ്‌ വഴി മാറ്റാനാവില്ലെന്ന്‌ തമിഴ്‌നാടിനായി ഹാജരായ അഭിഷേക്‌ മനു സിങ്‌വിയും വാദിച്ചു. തീർപ്പ്‌ കൽപ്പിക്കാത്ത നിയമവിഷയങ്ങളിൽ മാത്രമേ റഫറൻസ്‌ പാടുള്ളു– സിങ്‌വി പറഞ്ഞു. ഭരണഘടനയുടെ അനുച്ഛേദം 143(3) പ്രകാരം വിശാല ബെഞ്ചാണ്‌ സുപ്രധാന നിയമപ്രശ്‌നത്തിൽ തീർപ്പ്‌ കൽപ്പിക്കേണ്ടതെന്ന് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഗവർണറുടെ അധികാരം കോടതിക്ക്‌ കൈയേറാനാകില്ലെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി വാദിച്ചു. ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടിയാൽ ഇടപെടേണ്ടി വരുമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ തിരിച്ചടിച്ചു. വാദം ബുധനാഴ്‌ചയും തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home