ബില്ലുകൾ പിടിച്ചു വെക്കൽ; രാഷ്ട്രപതിയുടെ റഫറൻസ് അപ്രസക്തമെന്ന് കേരളവും തമിഴ്‌നാടും

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവെച്ച് തീരുമാനം വൈകിപ്പിക്കുന്ന നടപടിക്കെതിരായ കേസിൽ ഗവർണർമാരുടെ അധികാരങ്ങളെ കുറിച്ച് രാഷ്ട്രപതിയുടെ പുതിയ റഫറൻസ് തള്ളി കേരളവും തമിഴ് നാടും. സുപ്രീം കോടതി ഏപ്രിൽ 8-ന് തമിഴ്‌നാട് ഗവർണർ കേസിൽ നൽകിയ വിധിയെ ദുര്‍ബലപ്പെടുത്തുന്നതാണ് രാഷ്ട്രപതിയുടെ റഫറൻസ് എന്ന് കേരളവും തമിഴ് നാടും തിങ്കളാഴ്ച സുപ്രീം കോടതയിൽ വാദിച്ചു.
മാത്രമല്ല, രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങളിൽ 11 എണ്ണം ഇതിനകം തന്നെ ഏപ്രിൽ 8-ലെ വിധിയിൽ വ്യക്തമായും അന്തിമമായും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് കേരളവും തമിഴ് നാടും ചൂണ്ടിക്കാട്ടി.
ബില്ലുകളിൽ അനുമതി നൽകാനുള്ള അധികാരത്തെക്കുറിച്ചുള്ള 14 ചോദ്യങ്ങൾ ഉൾപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ റഫറൻസ് ഇന്ന് സുപ്രീം കോടതിയുടെ അഞ്ച് ജഡ്ജിമാർ ഉൾപ്പെടുന്ന ഭരണഘടനാ ബെഞ്ച് പരിഗണിച്ചു. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കോ ഗവർണർക്കോ സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് കഴിയുമോ എന്നത് ഉൾപ്പെടെ ചോദ്യങ്ങൾ ഉയർത്തുന്നതാണ് റഫറൻസ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 200, 201 പ്രകാരം ബില്ലുകളിലെ സമയപരിധിയെക്കുറിച്ചുള്ള സുപ്രീം കോടതി വിധി ഇതിനകം അന്തിമമായതിനാൽ, 14 ചോദ്യങ്ങളിൽ ഭൂരിഭാഗത്തിനും ഉത്തരങ്ങൾ ലഭിച്ചുകഴിഞ്ഞുവെന്ന് ഇക്കാര്യത്തിൽ തമിഴ് നാടും കേരളവും നിലപാടെടുത്തു.
റഫറൻസിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യാൻ രണ്ട് സംസ്ഥാനങ്ങൾക്കും ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇന്ന് പ്രത്യേകം അവസരം നൽകി.
ഭരണഘടനയുടെ ആർട്ടിക്കിൾ 200, 201 പ്രകാരം ബില്ലുകളിലെ സമയപരിധിയെക്കുറിച്ചുള്ള സുപ്രീം കോടതി വിധി ഇതിനകം അന്തിമമായതിനാൽ, 14 ചോദ്യങ്ങളിൽ ഭൂരിഭാഗത്തിനും ഉത്തരങ്ങൾ ലഭിച്ചുകഴിഞ്ഞുവെന്ന് ഇതിന് പിന്നാലെ സംസ്ഥാനങ്ങൾ ചൂണ്ടികാട്ടി.
രാഷ്ട്രപതിയുടെ റഫറൻസ് ഏപ്രിൽ എട്ടിന് പുറപ്പെടുവിച്ച ഗവർണർ കേസ് വിധി അനുസരിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം മറികടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രമാണെന്നും ഇരു സംസ്ഥാനങ്ങളും വാദിച്ചു. റിവ്യൂ ഫയൽ ചെയ്യാതെയുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണ് റഫറൻസിന് പിന്നിൽ എന്നും പറഞ്ഞു.
ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് ഏപ്രിൽ 8-ന് നൽകിയ വിധിയിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സംസ്ഥാന ബില്ലുകളിൽ തീരുമാനം എടുക്കാൻ മൂന്നു മാസത്തെ സമയ പരിധി നിർദ്ദേശിച്ചിരുന്നു. ആ വിധിക്കെതിരെ കേന്ദ്രം പുനഃപരിശോധനാ ഹർജിയോ തിരുത്തൽ ഹർജിയോ നൽകിയിട്ടില്ലെന്ന കാര്യം കൂടി സംസ്ഥാനങ്ങൾ ഇന്ന് പ്രത്യേകം ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ റഫറൻസിന്റെ നിലനിൽപ്പ് സംബന്ധിച്ച വാദം ഭരണഘടനാ ബെഞ്ച് തുടർന്ന് പരിഗണിക്കും. കേസിലെ വിധിന്യായത്തിലെ അപ്പീൽ അല്ല, ഉപദേശക അധികാരപരിധിയിൽ ഇരിക്കുക മാത്രമാണെന്നും സുപ്രീം കോടതി ഇന്ന് സ്വയം നിരീക്ഷിച്ചു.









0 comments