ബില്ലുകളിൽ രാഷ്ട്രപതിക്കും സമയപരിധി; സുപ്രീംകോടതി ഉത്തരവിനെതിരെ ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഗവർണർമാർ അയയ്ക്കുന്ന ബില്ലുകളിൽ രാഷ്ട്രപതിക്ക് തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. സുപ്രീംകോടതിക്ക് സവിശേഷാധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 142ാം അനുച്ഛേദം ജനാധിപത്യശക്തികൾക്ക് എതിരായ ആണവമിസൈലായി മാറിയിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യസഭ ഇന്റേണുകളെ അഭിസംബോധന ചെയ്‌തുള്ള പ്രസംഗത്തിലാണ് ഉപരാഷ്ട്രപതിയുടെ വിമർശനം.
എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി ‘സൂപ്പർ പാർലമെന്റ്’ ചമയുന്ന കാലം വിദൂരമല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിര്‍ദേശം നല്‍കുന്നത് ?. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാളാണ് രാഷ്ട്രപതി. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നമ്മള്‍ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ആരെങ്കിലും ആ വിധി ചോദ്യം ചെയ്‌ത് ഹർജി സമർപ്പിക്കുമോ ഇല്ലയോയെന്ന കാര്യത്തിന് പ്രസക്തിയില്ല. നാളിത് വരെ നമ്മൾ ജനാധിപത്യത്തിനായി ആരോടും യാചിച്ചിട്ടില്ലെന്നും ജഗ്‌ദീപ് ധൻകർ പറഞ്ഞു.
നിയമസഭ പാസാക്കിയ ബിൽ ഗവർണർ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടാൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതിയുടെ നിർണായക നിർദേശം. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കുവിട്ട ഗവർണർ ആർ എൻ രവിയുടെ നടപടി അസാധുവാക്കിയ വിധിയിലാണ് സുപ്രീംകോടതിയുടെ നിർണായക നിർദേശം വന്നത്. ഉത്തരവിന് പിന്നാലെ, രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി ഗവര്‍ണര്‍ പിടിച്ചുവച്ച 10 ബില്ലും തമിഴ്നാട് നിയമമാക്കി വിജ്ഞാപനമിറക്കിയിരുന്നു.









0 comments