ബംഗളൂരുവിൽ ഐ ടി ജീവനക്കാരി ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനത്തിന് ഭർത്താവ് കസ്റ്റഡിയിൽ

ബംഗളൂരു : ഗർഭിണിയായ ഐ ടി ജീവനക്കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബംഗളൂരുവിലെ സുദ്ദഗുണ്ടെപാളയയിൽ ചൊവ്വാഴ്ച രാത്രിയാണ് ഐടി ജീവനക്കാരിയായ ശിൽപയെ (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ശിൽപ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ശിൽപയുടെ ഭർത്താവും ഐടി ജീവനക്കാരനുമായ പ്രവീണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2022ലാണ് ഇരുവരും വിവാഹിതരായത്. ഒന്നര വയസുള്ള കുട്ടിയുണ്ട്. സോഫ്റ്റ് വെയർ എൻജിനിയറായ പ്രവീൺ ജോലി വിട്ട് സ്വന്തമായി ഫുഡ് ബിസിനസ് ആരംഭിച്ചിരുന്നു. വിവാഹസമയത്ത് പ്രവീണിന്റെ കുടുംബം 15 ലക്ഷം രൂപയും 150 ഗ്രാം സ്വർണ്ണാഭരണങ്ങളും വീട്ടുപകരണങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് ശിൽപയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇവ നൽകിയെങ്കിലും വിവാഹത്തിന് ശേഷം കൂടുതൽ പണവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ ശിൽപയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് ആരോപണം. സ്ത്രീധനത്തിന്റെ പേരിൽ തുടർച്ചയായി നേരിട്ട മാനസിക പീഡനവും പരിഹാസവുമാണ് ശിൽപയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. നിറത്തിന്റെ പേരിലും ശിൽപയെ പരിഹസിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ആറുമാസം മുമ്പ് പ്രവീണിന്റെ കുടുംബം ബിസിനസിന് സഹായിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ശിൽപയുടെ കുടുംബം ഒടുവിൽ അത് നൽകിയതായും പരാതിയിൽ പറയുന്നു. സ്ത്രീധന പീഡനത്തിനും അസ്വാഭാവിക മരണത്തിനും സുദ്ദഗുണ്ടെപാളയ പൊലീസ് കേസെടുത്തു.
കസ്റ്റഡിയിലെടുത്ത പ്രവീണിനെ ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശിൽപയുടെ മൃതദേഹം മാതാപിതാക്കൾക്ക് കൈമാറി.









0 comments