ദേശീയപാത നിറയെ കുഴികൾ, ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടത് മണിക്കൂറുകൾ; മുംബൈയിൽ യുവതിക്ക് ദാരുണാന്ത്യം

മരിച്ച ഛായ പുരാവ്
മുംബൈ: മഹാരാഷ്ട്രയിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് യുവതിക്ക് ജീവൻ നഷ്ടമായി. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പാൽഘർ സ്വദേശി ഛായ പുരാവ് (49) ആണ് മരിച്ചത്. പാൽഘറിലെ ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാൽ 100 കിലോമീറ്ററിലേറെ അകലെയുള്ള മുംബൈയിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ പോകവെ ദേശീയപാത 48ലെ ഗതാഗതക്കുരുക്കിൽ പെടുകയായിരുന്നു. റോഡിലെ കുഴികളിൽ വീണ് കടുത്തവേദനയും യുവതി അനുഭവിച്ചു. മതിയായ ചികിത്സ കൃത്യസമയത്ത് ലഭിക്കാതിരുന്നതാണ് മരണകാരണം.
ജൂലൈ 31ന് മരച്ചില്ലകൾ വീണ് തലയ്ക്കും വാരിയെല്ലുകൾക്കും തോളിനും ഗുരുതര പരിക്കേറ്റാണ് ഛായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ട്രോമ കെയർ സൗകര്യമില്ലാത്തതിനാൽ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. രണ്ടര മണിക്കൂറോളം യാത്രയാണ് പ്രതീക്ഷിച്ചത്. വൈകുന്നരം മൂന്ന് മണിയോടെ ആംബുലൻസിൽ യാത്ര തിരിച്ചു. ഛായയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു. എന്നാൽ ദേശീയപാതയിൽ പ്രവേശിച്ചതോടെ കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടു. ആറ് മണി ആയപ്പോൾ ഏകദേശം പകുതി ദൂരം മാത്രം പിന്നിടാനേ ആംബുലൻസിനായുള്ളൂ. ഇതിനിടയിൽ യുവതിയുടെ നില ഏറെ വഷളായി. തുടർന്ന് ഏഴ് മണിയോടെ ഹിന്ദുജ ആശുപത്രി എത്തുന്നതിന് 30 കിലോമീറ്റർ മുൻപായി മിറാ റോഡിലെ ഓർബിറ്റ് ആശുപത്രിയിൽ ഛായയെ എത്തിച്ച. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വേദനകൊണ്ട് ഛായ കരയുകയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. റോഡ് നിറയെ കുഴികളായിരുന്നു. അതുകൊണ്ട് ആംബുലൻസ് കുഴികളിൽ ഇറങ്ങിപ്പോകുമ്പോൾ കടുത്തവേദയായിരുന്നു. അടുത്ത ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ അവൾ കരഞ്ഞുപറഞ്ഞു. പക്ഷേ റോഡിലെ കുരുക്കിൽ കുടുങ്ങിപ്പോയി. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനങ്ങൾ എതിർവശത്തുകൂടെ വന്നതാണ് ഗതാഗതക്കുരുക്ക് വർധിപ്പിച്ചത്- ഭർത്താവ് പറഞ്ഞു.









0 comments