സെയ്ഫ് അലി ഖാന് നേരെയുള്ള അക്രമം; ചോദ്യം ചെയ്തയാളെ വിട്ടയച്ചു, പ്രതി കാണാമറയത്ത് തന്നെ

സെയ്ഫ് അലി ഖാൻ. ഫോട്ടോ: ഇൻസ്റ്റഗ്രാം
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് മുംബൈ പൊലീസ്. പ്രതിയെന്ന സംശയിക്കുന്ന ആളെ നേരത്തെ ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളതിനാലാണ് ഇയാളെ ചോദ്യം ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിനിടെ ഇയാൾ അല്ല അക്രമകാരി എന്ന് മനസിലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ വിശദീകരണം.
വ്യാഴാഴ്‌ചയായിരുന്നു സെയ്‌ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടിൽ വച്ച് കുത്തേറ്റത്. പുലർച്ചെ 2.30ഓടെ നടന്റെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 3.30ഓടെ സെയ്‌ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് മുറിവുകളാണ് സെയ്‌ഫ് അലി ഖാന്റ ദേഹത്തുണ്ടായതെന്നും രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നും ആശുപത്രി സിഒഒ ഡോ. നിരജ് ഉത്തമനി പറഞ്ഞിരുന്നു. ആഴത്തിലുള്ള മുറിവുകളിലൊന്ന് നട്ടെല്ലിന്റെ ഭാഗത്തുമായിരുന്നു. ഇവിടെ നിന്ന് ആക്രമിക്കാനുപയോഗിച്ച കത്തിയുടെ ഒരു ഭാഗം ലഭിച്ചതായും ആശുപത്രി അധികകൃതർ അറിയിച്ചിരുന്നു.
സെയ്‌ഫ് അലി ഖാന്റെ ശരീരത്തിൽ നിന്ന് ലഭിച്ച കത്തിയുടെ ഭാഗത്തിന്റെ ബാക്കി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആൾക്കായി ബാന്ദ്ര റയിൽവേ സ്‌റ്റേഷനിൽ തിരച്ചിൽ നടത്തിയതായും പൊലീസ് അറിയിച്ചു. പ്രതി ബാന്ദ്രയിൽ നിന്ന് വാസയ് വിരാറിലേക്ക് രാവിലെ പോകുന്ന ആദ്യ ട്രെയിനിൽ കയറിയതായും പൊലീസ് സംശയിക്കുന്നു. അതിനാൽ ആ ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചുട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് വ്യാഴാഴ്‌ച പകൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ സെയ്‌ഫ് അലി ഖാൻ അന്ന് തന്നെ അപകടനില തരണം ചെയ്തിരുന്നു.
Related News

0 comments