കാസിരംഗ നാഷണൽ പാർക്കിൽ ഏറ്റുമുട്ടൽ; ആയുധധാരിയായ ഒരാൾ കൊല്ലപ്പെട്ടു

ദിസ്പുർ: അസമിലെ കാസിരംഗ നാഷണൽ പാർക്കിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. വനപാലകരും പൊലീസും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് വേട്ടക്കാരനാണെന്നാണ് നിഗമനം. സ്ഥലത്ത് നിന്ന് തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധൻ രാത്രി പാർക്കിലെ അഗോറട്ടോലി റേഞ്ചിലെ ബലിദുബി ക്യാമ്പിലെ സുരക്ഷാ ജീവനക്കാർക്ക് നേരെ ആയുധധാരികൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും വനം വകുപ്പും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തിയത്. രാത്രി 10.30 ഓടെ, ധൻബാരി പ്രദേശത്തിന് സമീപം സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആയുധ ധാരികൾ വെടിയുതിർത്തു. പ്രദേശത്ത് അരമണിക്കൂറോളം വെടിവയ്പ്പ് തുടർന്നു.
പ്രത്യാക്രമണത്തിലാണ് ആയുധധാരികളിൽ ഒരാൾക്ക് വെടിയേറ്റത്. പരിക്കേറ്റയാളെ ബൊകാഖത്തിലെ സ്വാഹിദ് കമല മിരി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിെങ്കിലും മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് ഒരു എകെ-56 റൈഫിളും 11 റൗണ്ട് വെടിയുണ്ടകളും, മൂന്ന് റൗണ്ട് വെടിയുണ്ടകളുള്ള ഒരു പോയിന്റ് 303 റൈഫിളും, മഴു അടങ്ങിയ ബാഗ്, ഭക്ഷണ സാധനങ്ങൾ, ടോർച്ച് എന്നിവയും കണ്ടെടുത്തു.
സംഭവത്തിൽ ഉൾപ്പെട്ട ബാക്കിയുള്ള പ്രതികളെ പിടികൂടുന്നതിനായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്തിനടുത്തുള്ള എല്ലാ ഫോറസ്റ്റ് ക്യാമ്പുകളിലും അതീവ ജാഗ്രതാ നിർദേശമുണ്ടെന്നും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments