മോദി ആർഎസ്എസ് ആസ്ഥാനത്തെത്തിയത് വിരമിക്കൽ സന്നദ്ധത അറിയിക്കാനെന്ന് സഞ്ജയ് റാവുത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസ് ആസ്ഥാനം സന്ദർശിച്ചത് വിരമിക്കൽ സന്നദ്ധത അറിയിക്കാനെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. സെപ്റ്റംബറില്‍ 75 വയസ്സ് പൂര്‍ത്തിയാവുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിരമിക്കല്‍ ചര്‍ച്ചചെയ്യാനാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ പോയതെന്നായിരുന്നു വാക്കുകൾ. പദവി ഒഴിയുമെന്നും അല്ലാതെ എന്തിനാണ് മോഹന്‍ ഭാഗവതിനെ മോദി കണ്ടത് എന്നും സഞ്ജയ റാവുത്ത് ചോദിച്ചു.
പ്രധാനമന്ത്രി പദവിയിലെത്തി 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി നാഗ്പൂരിലെ ആസ്ഥാനത്ത് എത്തുന്നത്. ആർഎസ്എസ് നേതൃത്വത്തെ അവഗണിച്ചുള്ള മോദിയുടെ സ്വേഛ്വാപരമായ പ്രവർത്തനങ്ങൾ അകൽച്ചയ്ക്ക് കാരണമായിരുന്നു. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ പാർടിയെയും ഭരണത്തെയും കയ്യടക്കിയുള്ള നീക്കങ്ങളിൽ രാഷ്ട്രീയാടിത്തറ നൽകുന്ന നാഗ്പൂർ കേന്ദ്രത്തിലും അതൃപ്തി റിപ്പോർട് ചെയ്യപ്പെട്ടിരുന്നു.
സന്ദർശന പരിപാടിക്കിടെ മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ മോദി പതിവ് ശൈലിയിൽ പ്രശംസാ വാചകങ്ങൾ ചൊരിയുകയും ആര്‍എസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ 'ആല്‍മരം' എന്ന് വിശേഷിപ്പിക്കയും ചെയ്തു.
2029-ലെ തിരഞ്ഞെടുപ്പിൽ മോദിയായിരിക്കുമോ ബിജെപിയെ നയിക്കുക എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീരുമാനങ്ങളായില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നിരയിലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവായ സഞ്ജയ് റാവുത്തിന്റെ പ്രതികരണം വന്നത്.
'രാജ്യത്തിന്റെ നേതൃത്വത്തില്‍ മാറ്റംവേണമെന്ന് സംഘപരിവാര്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. മോദിയുടെ സമയം അവസാനിച്ചു കഴിഞ്ഞു. അവര്‍ക്ക് മാറ്റം വേണം, അടുത്ത ബിജെപി അധ്യക്ഷനെ തീരുമാനിക്കണം', എന്നും റാവുത്ത് പറയുകയുണ്ടായി.
ബിജെപിയുടെ അഖിലേന്ത്യാ കൌൺസിൽ അടുത്ത മാസം ബെംഗളൂരുവിൽ നടക്കാനിരിക്കയാണ്.









0 comments