മണ്ഡല പുനർനിർണയം ഡെമോക്ലിസിന്റെ വാളായി നിൽക്കുന്നു; ഫെഡറൽ തത്വങ്ങളെ തകർക്കുന്നത്: മുഖ്യമന്ത്രി

ചെന്നെെ: ലോക്സഭ മണ്ഡലപുനർനിർണയ താരുമാനം ഡെമോക്ലസിന്റെ വാളായി ഇപ്പോഴും നമ്മുടെ തലയ്ക്ക് മുകളിൽ നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡല പുനർനിർണയത്തിനെതിരെ ചെന്നെെയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനകളും നടത്താതെ ഇത്തരം ഒരു പ്രവൃത്തി നടപ്പാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നാണ് വിവിധ റിപ്പോർടുകൾ സൂചിപ്പിക്കുന്നത്.
ഏതെങ്കിലും ഭരണഘടനാപരമായ തത്വത്തിന്റെ അടിസ്ഥാനത്തിലോ ജനാധിപത്യ അനുപേക്ഷണീയതയുടെ ഭാഗമായോ അല്ല ഇത്തരമൊരു നീക്കം സർക്കാർ നടത്തുന്നത്. മറിച്ച് സങ്കുചിതമായ രാഷ്ട്രീയ താൽപര്യം മാത്രമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യാ സെൻസസിന് ശേഷം മണ്ഡല പുനർനിർണയം നടപ്പാക്കുകയാണെങ്കിൽ വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ തോതിൽ സീറ്റുകൾ കൂടാനും അതേസമയം തന്നെ തെക്കൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ പ്രാതിനിധ്യം വൻ തോതിൽ ഇല്ലാതാകുന്നതിനും കാരണമായേക്കുമെന്നും ബിജെപിക്ക് അനുകൂലമായ ഘടകങ്ങളാണിവയെന്നും അദ്ദേഹം പറഞ്ഞു
1976 ലെ ദേശിയ ജനസംഖ്യാ നയം കൃത്യമായി നടപ്പാക്കിയതിനാണ് സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നത്. ഒരു സംസ്ഥാനം, ദേശീയ തലത്തിൽ അംഗീകരിച്ച നയം ഉത്തരവാദിത്വത്തേടെ നടപ്പാക്കിയെങ്കിൽ ആ ഒരു കാരണം കൊണ്ട് തന്നെ ആ സംസ്ഥാനത്തിന് പ്രത്യേകം പരിഗണന നൽകേണ്ടതാണ്. രാജ്യത്തിനായുള്ള കർത്തവ്യം കൃത്യമായി നിർവഹിച്ചതിനും ലഭിക്കുന്നത് ശിക്ഷയാണ്. ഇതാണ് നിലവിലെ വിഷയത്തിലെ കാതലായ പ്രശ്നം- അദ്ദേഹം വിശദീകരിച്ചു
2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യാ വർധനവ് കേവലം 4.92 ശതമാനമാണ്. 2001-2011 നും ഇടയിലെ ദേശീയ ശരാശരിയായ 17.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോഴാണിത്. ഈ കാലയളവിൽ നമ്മുടെ എല്ലാ സംസ്ഥാനങ്ങളുടേയും ജനസംഖ്യാ നിരക്ക് ഇത്തരത്തിൽ ദേശീയ തലത്തിലേക്കാൾ താഴെയായിരുന്നു.1971 ലെ സെൻസസ് പ്രകാരം അവസാനമായി ലോക്സഭ സീറ്റുകളിൽ പുനർക്രമീകരണം നടത്തിയത് 1973 ലാണ്. അക്കാലത്ത് കേരളത്തിൽ 3.89 ശതമാനം ജനസംഖ്യയാണുണ്ടായിരുന്നത്. അടുത്ത നാല് പതിറ്റാണ്ടുകാലം ദേശീയ ജനസംഖ്യാ നയം കൃത്യമായി നടപ്പിലാക്കിയതിനാൽ കേരളത്തിന്റെ ജനസംഖ്യ 2011 ൽ 2.76 ആയി ചുരുങ്ങുകയായിരുന്നു.
നിലവിൽ ജനസംഖ്യ പുനർനിർണയം നടപ്പാക്കിയാൽ കേരളത്തിലെ കുറഞ്ഞിരിക്കുന്ന ജനസംഖ്യ തീർച്ചയായും സംസ്ഥാനത്തെ ലോക്സഭ സീറ്റുകളിൽ കുറവുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യാ നിയന്ത്രണ നയം വിജയകരമായി നടപ്പാക്കിയ ഒരു സംസ്ഥാനത്തെ ഇത്തരത്തിൽ ശിക്ഷിക്കുന്നത് തീർത്തും തെറ്റാണ്. ഈ നീതികേട് ചെറുക്കുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ഫെഡറൽ തത്വങ്ങളും പക്ഷപാതരഹിതമായ പ്രാതിനിധ്യവും തീർച്ചയായും ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.
ജനസംഖ്യാ പുനർനിർണയത്തിനായുള്ള നിലവിലെ ശ്രമങ്ങൾ സംബന്ധിച്ച രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണ്. ഇന്ത്യൻ ഫെഡറലിസത്തിനും സംസ്കാരിക- ഭാഷാ വെെവിധ്യം നിലനിർത്തുന്നതിനും ഇത് വലിയ രീതിയിൽ കുഴപ്പമുണ്ടാകുമെന്ന് കേന്ദ്രസർക്കാരും തിരിച്ചറിയണം. അതിനെ അട്ടിമറിക്കുന്ന തരത്തിലുള്ള ഏതെങ്കിലും പ്രശ്നം രാഷ്ട്രീയ സ്ഥാപനങ്ങളെ മാത്രമല്ല. നമ്മുടെ ജനാധിപത്യ സമൂഹത്തെ കൂടിയാണ് ദുർബലപ്പെടുത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.









0 comments