ഗാന്ധിജിക്കും മുകളിൽ സവർക്കർ; പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്ററിനെതിരെ രൂക്ഷ വിമർശനം

ന്യൂഡൽഹി: ഇന്ത്യൻ വർഗീയതയുടെ ആധാരശിലയായ ഹിന്ദുത്വ എന്ന ആശയം ആവിഷ്‌കരിച്ച വി ഡി സവർക്കറെ വീരപുരുഷനാക്കാനുള്ള സംഘപരിവാർ ശ്രമം തുടരുന്നു. രാജ്യം എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ മഹാത്മ ഗാന്ധിയ്ക്കൊപ്പം സവർക്കറിന്റെ ചിത്രവുമായാണ് പെട്രോളിയം മന്ത്രാലയം സ്വാതന്ത്ര്യ ദിനാശംസ പോസ്റ്റർ തയ്യാറാക്കിയത്.
‘നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, നമുക്ക് ഓർമിക്കാം’ – എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റർ പങ്കുവെച്ചത്.
മഹാത്മാഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങ്ങിനും ഒപ്പമാണ് സവർക്കറും പോസ്റ്ററിൽ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചിത്രത്തിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്. നെഹ്റുവിന് മുകളിൽ ആർഎസ്എസ് പ്രതിഷ്ഠിക്കാൻ ശ്രമിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചിത്രവും പോസ്റ്ററിൽ ഇടംപിടിച്ചില്ല.
ഗാന്ധിജിക്ക് മുകളിൽ സവർക്കറുടെ ചിത്രവുമായുള്ള പോസ്റ്ററിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. സ്വാതന്ത്ര്യസമരകാലത്ത് ആൻഡമാൻ ജയിലിൽ അടയ്ക്കപ്പെടുകയും ജയിലിൽനിന്ന് സ്വതന്ത്രനാകാൻ ബ്രിട്ടീഷ് സർക്കാരിന് ദയാഹർജി നൽകിയ സവർക്കറിനെയാണ് ബിജെപി നേതൃത്വം സ്വാതന്ത്ര്യസമര പോരാളിയാക്കാൻ ശ്രമിക്കുന്നത്.
സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്‌എസിനെ പുകഴ്‌ത്തിയിരുന്നു. നൂറ് വർഷത്തെ ചരിത്രമുള്ള ആർഎസ്‌എസ് ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണെന്ന് വിശേഷിപ്പിച്ച മോദി സ്വാതന്ത്ര്യദിനത്തിൽ ആർഎസ്‌എസിനെ പരാമർശിക്കാനുള്ള കാരണം വ്യക്തമാക്കിയില്ല. രാഷ്‌ട്രനിർമാണത്തിൽ ആർഎസ്‌എസ് വേറിട്ട പങ്ക് വഹിക്കുന്നുവെന്ന് അവകാശപ്പെട്ട മോദിക്ക് സ്വാതന്ത്ര്യസമരത്തിൽ ആർഎസ്‌എസ് വഹിച്ച പങ്കിനെക്കുറിച്ച് ഒന്നും പറയാനായില്ല. കാവിത്തലപ്പാവ് കെട്ടിയാണ് മോദി സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തത്.









0 comments