കേന്ദ്രജീവനക്കാരുടെ പെൻഷൻ പരിമിതപ്പെടുത്തൽ ; ഭേദഗതി പാസാക്കിയത് പിൻവാതിലിലൂടെ

ന്യൂഡൽഹി : ശമ്പളകമീഷൻ ശുപാർശയുടെ ആനുകൂല്യങ്ങളിൽനിന്ന് നേരത്തെ വിരമിച്ച പഴയ പെൻഷൻകാരെ ഒഴിവാക്കാനുള്ള ഭേദഗതി പിൻവാതിലിലൂടെ ലോക്‌സഭയിൽ പാസാക്കിയെടുത്ത കേന്ദ്രസർക്കാർ നടപടി വിവാദമാകുന്നു. പുതിയ ഭേദഗതി പ്രകാരം ശമ്പളകമീഷൻ ശുപാർശ പ്രകാരമുള്ള ആനുകൂല്യങ്ങൾ ഏത് വർഷംവരെ വിരമിച്ച പെൻഷൻകാർക്കാണ് നൽകേണ്ടതെന്ന് തീരുമാനിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടാകും. വിരമിച്ച ജീവനക്കാരെ തരംതിരിക്കാനുള്ള ഈ നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം അവഗണിച്ചാണ് ഭേദഗതി കേന്ദ്രം പാസാക്കിയത്.
ശമ്പളകമീഷൻ ശുപാർശകൾ എന്ന് മുതൽ നടപ്പാക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന് ലഭിക്കാൻ കേന്ദ്ര സിവിൽസർവീസസ് (പെൻഷൻ) ചട്ടങ്ങളാണ് ഭേദഗതി ചെയ്‌തത്. ഈ നിർണായക ഭേദഗതി പുതിയ ധനബില്ലിന്റെ ഭാഗമായിട്ടാണ് അവതരിപ്പിച്ചത്. ധനബിൽ മണിബില്ലായതിനാൽ രാജ്യസഭയുടെ അംഗീകാരം നിർബന്ധമില്ല. ബില്ലിൽ ഭേദഗതികൾ നിർദേശിക്കാനും രാജ്യസഭയ്‌ക്ക് കഴിയില്ല.
ധനബില്ലിന് ലോക്‌സഭയുടെ അംഗീകാരം ലഭിച്ചതോടെ വിവാദ പെൻഷൻ വ്യവസ്ഥ നിയമമാകും. ധനബില്ലിന്റെ ഭാഗമല്ലാത്ത പെൻഷൻ ചട്ടങ്ങൾ ഈ രീതിയിൽ അവതരിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
0 comments