ഇന്ത്യയിൽ 10 ലക്ഷം അധ്യാപക ഒഴിവുകൾ; ആശങ്കാജനകമെന്ന് പാർലമെന്ററി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യവ്യാപകമായി പത്ത് ലക്ഷത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി 368-ാമത് പാർലമെന്ററി റിപ്പോർട്ട്. അധ്യാപക ക്ഷാമം, ഭരണപരമായ കാലതാമസം, രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ നില കൂടുതൽ വഷളാക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് പാർലമെന്ററി റിപ്പോർട്ടിലുള്ളത്.
പ്രാഥമിക വിദ്യാലയങ്ങളിലാണ് അധ്യാപക ക്ഷാമം രൂക്ഷമായിരിക്കുന്നത്. കുട്ടികൾക്ക് അത്യാവശ്യ സാക്ഷരതയും സംഖ്യാ വൈദഗ്ധ്യവും നേടുന്നതിന് ആവശ്യമായ അടിസ്ഥാന തലത്തിലാണ് 7.5 ലക്ഷം ഒഴിവുകളുള്ളത്. ഇവ ഉടനടി നിയമനം നടത്തി നികത്തിയില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
അവശ്യ ഫണ്ടില്ലാത്തതോ, ഉൾപ്രദേശങ്ങളിലുള്ള സർക്കാർ സ്കൂളുകളിലോ മാത്രമല്ല ഇത്തരത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കേന്ദ്ര മാതൃകകളായി കണക്കാക്കുന്ന സ്ഥാപനങ്ങളായ കേന്ദ്രീയ വിദ്യാലയങ്ങളും ജവഹർ നവോദയ വിദ്യാലയങ്ങളും 30 മുതൽ 50 ശതമാനം വരെ അധ്യാപക തസ്തികകളിൽ നിയമനം നടത്താതെ പ്രവർത്തിക്കുന്നുണ്ട്. വലിയ സംവിധാനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകളിലെ അധ്യാപക ക്ഷാമം നിയമന സ്തംഭനത്തിന്റെ ആഴം വ്യക്തമാക്കുന്നതായും കമ്മിറ്റി അഭിപ്രായപ്പെട്ടു.
സ്കൂളുകൾ പ്രവർത്തിക്കുന്നതിനായി സ്ഥിരം നിയമനങ്ങൾക്ക് പകരം കൂടുതലായി കരാർ നിയമനങ്ങൾ നടത്തുന്നുണ്ട്. ഇത് സുസ്ഥിരമല്ലെന്നും വിദ്യാഭ്യാസ നിലവാരത്തിന് ഭീഷണിയാണെന്നും കമ്മിറ്റി പറയുന്നു. കുറഞ്ഞ ശമ്പള, ആനുകൂല്യങ്ങളോടെയുമാണ് കരാർ അധ്യാപകർ ജോലി ചെയ്യുന്നത്. അതിനാൽ തന്നെ കരാർ കാലാവധി കഴിയുമ്പോൾ അടുത്ത അധ്യാപകർ വരും. ഇത് അധ്യാപനത്തിലെ തുടർച്ചയെ ദുർബലപ്പെടുത്തും. അധ്യാപക- വിദ്യാർഥി ബന്ധം ഇല്ലാതാക്കുകയും ചെയ്യും. എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ്, പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് തൊഴിലിൽ സംവരണം നൽകാനുള്ള ഭരണഘടനാ വ്യവസ്ഥകളും ഇവിടെ അട്ടിമറിക്കപ്പെടുന്നു. സർവ ശിക്ഷാ അഭിയാൻ (എസ്എസ്എ) പോലെ ഫണ്ടിങ് ലഭിക്കുന്ന സംവിധാനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പോലും നിശ്ചിത കാലയളവുകളിൽ കരാർ നിയമനം നടക്കുന്നു.
അധ്യാപകരുടെ ഗുണനിലവാരം നിശ്ചയിക്കുന്നതിനുള്ള സ്ഥാപനമായ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻസിടിഇ)ലും ഇതേ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. 2025 ജൂൺ വരെ എൻസിടിഇ ഗ്രൂപ്പ് എ തസ്തികകളിൽ 54 ശതമാനവും ഗ്രൂപ്പ് ബി തസ്തികകളിൽ 43 ശതമാനവും ഗ്രൂപ്പ് സി തസ്തികകളിൽ 89 ശതമാനവും ഒഴിഞ്ഞുകിടക്കുന്നു. 2019 മുതൽ സ്ഥിരം നിയമനം നടന്നിട്ടില്ല. കൗൺസിൽ താൽക്കാലിക കൺസൾട്ടന്റുകളെയാണ് നിയമിക്കുന്നത്. മതിയായ ജീവനക്കാരില്ലാതെ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ കൗൺസിലിന് കഴിയില്ലെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
അധ്യാപക പരിശീലന സ്ഥാപനങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. 2026 മാർച്ചോടെ കേന്ദ്ര, എസ്എസ്എ ധനസഹായമുള്ള സ്കൂളുകളിലെ എല്ലാ എൻസിടിഇ, അധ്യാപന ഒഴിവുകളും സ്ഥിര നിയമനങ്ങൾ ഉപയോഗിച്ച് നികത്താനും, സ്ഥിരം തസ്തികകളിലേക്കുള്ള കരാർ നിയമനം അവസാനിപ്പിക്കാനും, നിയമനം നടത്താത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള എസ്എസ്എ അധ്യാപക ശമ്പള ഫണ്ടുകൾ തടഞ്ഞുവയ്ക്കാനും കമ്മിറ്റി ശുപാർശ ചെയ്തു.









0 comments