വഖഫ് ബില്ലിലെ ജെപിസി റിപ്പോർട്ട് ലോക്സഭ സ്പീക്കർക്ക് സമർപ്പിച്ചു

ന്യൂഡൽഹി: വഖഫ് ബോർഡുകളെ നിയന്ത്രണത്തിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിൽ ഭേദഗതികൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) ചെയർമാൻ ലോക്‌സഭാ സ്പീക്കർക്ക് സമർപ്പിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ഓഫീസിലെത്തിയാണ് ജെപിസി ചെയർമാൻ ജഗദംബികാ പാൽ റിപ്പോർട്ട് കൈമാറിയത്. ജെപിസി നിർദേശിച്ച ഭേദഗതികളോടെയുള്ള ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കൊണ്ടുവരാനാണ് കേന്ദ്രനീക്കം.
കഴിഞ്ഞ ദിവസമാണ് ജെപിസി റിപ്പോർട്ട് അംഗീകരിച്ചത്. 31 അംഗ ജെപിസിയിലെ 16 പേർ റിപ്പോർട്ടിനെ പിന്തുണച്ചതായി ജെപിസി ചെയർമാൻ ജഗദംബികാ പാൽ പറഞ്ഞു. 11 പേർ എതിർത്ത് വോട്ടുചെയ്‌തു. 655 പേജ് വരുന്ന ജെപിസി റിപ്പോർട്ട് ചൊവ്വാഴ്‌ച രാത്രിയോടെയാണ് അംഗങ്ങൾക്ക് കൈമാറിയത്. റിപ്പോർട്ട് പരിശോധിക്കാനുള്ള സാവകാശമില്ലെന്നും ജെപിസി യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ വഴങ്ങിയില്ല. ബുധനാഴ്‌ച രാവിലെ തന്നെ യോഗം ചേർന്ന് റിപ്പോർട്ട് അംഗീകരിച്ചു. പ്രതിപക്ഷ എംപിമാർക്ക് വിയോജനക്കുറിപ്പ് നൽകാൻ പകൽ നാലുവരെ മാത്രമാണ് സമയം അനുവദിച്ചത്. ഡിഎംകെയുടെ എ രാജ, എഎപിയുടെ സഞ്‌ജയ് സിങ്, തൃണമൂലിന്റെ കല്യാൺ ബാനർജി, നദീമുൾ ഹഖ്, ശിവസേനയുടെ അരവിന്ദ് സാവന്ത് എന്നിവർ റിപ്പോർട്ടിനോട് വിയോജിച്ച് കുറിപ്പ് നൽകി.
ജെപിസിയിലെ ഭരണപക്ഷ അംഗങ്ങൾ മുന്നോട്ടുവെച്ച 14 ഭേദഗതി നിർദേശങ്ങൾ കഴിഞ്ഞ ദിവസം സമിതി അംഗീകരിച്ചിരുന്നു. എന്നാൽ പ്രതിപക്ഷാംഗങ്ങൾ മുന്നോട്ടുവെച്ച എല്ലാ ഭേദഗതി നിർദേശങ്ങളും വോട്ടിനിട്ട് തള്ളി. വഖഫ് ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പകരം ബന്ധപ്പെട്ട സർക്കാരുകൾ നാമനിർദേശം ചെയ്യുക, മുസ്ലിങ്ങൾ അല്ലാത്തവരെയും ബോർഡുകളിൽ ഉൾപ്പെടുത്തുക, ബോർഡുകളുടെ സിഇഒ മുസ്ലിമായിരിക്കണമെന്ന നിബന്ധന എടുത്തുകളയൽ തുടങ്ങിയവയാണ് വഖഫ് ബില്ലിലെ ദോഷകരമായ വ്യവസ്ഥകൾ. വഖഫ് ബോർഡുകളുടെ സ്വതന്ത്രസ്വഭാവം ഇല്ലാതാക്കുന്നതും വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ സർക്കാരുകൾക്ക് അധികാരവും അവസരവും ഒരുക്കുന്നതുമാണ് ബില്ലെന്നാണ് പ്രതിപക്ഷ പാർടികളുടെ നിലപാട്.









0 comments