പാർലമെന്റ് പുക ബോംബ് കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം

PHOTO CREDIT: X
ന്യൂഡൽഹി: പാർലമെന്റ് പുക ബോംബ് കേസ്ൽ രണ്ട് പ്രതികൾക്ക് ജാമ്യം. കേസിൽ പ്രതികളായ നീലം ആസാദ്, മഹേഷ് കുമാവത് എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2023ലാണ് പ്രതികൾ പാർലമെന്റ് ചേംബറിലേക്ക് പുകബോംബ് ആക്രമണം നടത്തിയത്.
ജസ്റ്റിസുമാരായ സുബ്രമണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 50,000 രൂപയുടെ വ്യക്തിഗത ജാമ്യത്തിലും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ഇളവ് അനുവദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുതെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇടരുതെന്നും പ്രതികളോട് ജഡ്ജി നിർദ്ദേശിച്ചു.
പാര്‍ലമെന്റ് ആക്രമണ കേസിൽ 2023 ഡിസംബർ 13 നാണ് നീലം ആസാദിനെയും മറ്റ് മൂന്ന് പ്രതികളായ സാഗർ ശർമ്മ, മനോരഞ്ജൻ ഡി, അമോൽ ഷിൻഡെ എന്നിവരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 14നാണ് മഹേഷ് കുമാവത് അറസ്റ്റിലാകുന്നത്. 2001-ലെ പാർലമെന്റ് ഭീകരാക്രമണത്തിന്റെ വാർഷികത്തിലാണ് വലിയ സുരക്ഷാ വീഴ്ച നടന്നത്.
പ്രതികളായ സാഗർ ശർമ്മയും മനോരഞ്ജൻ ഡിയും ശൂന്യവേളയുടെ അവസാനഘട്ടത്തിൽ പൊതു ഗാലറിയിൽ നിന്ന് ലോക്‌സഭാ ചേംബറിലേക്ക് ചാടി കയറുകയായിരുന്നു. ആ സമയത്ത് കളർ പുക കുറ്റികളെറിഞ്ഞുവെന്ന കുറ്റമാണ് നീലം ആസാദ്, മഹേഷ് കുമാവത് എന്നിവർക്കെതിരെ ചുത്തിയിട്ടുള്ളത്. കേസിൽ എൻഐഎ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ പ്രതികൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു.









0 comments