സഭ സ്‌തംഭിപ്പിച്ച് ഭരണപക്ഷം


എം അഖിൽ
Published on Mar 29, 2025, 03:35 AM | 2 min read
ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ തുടർച്ചയായി പാർലമെന്റ് സ്‌തംഭിപ്പിച്ച് ഭരണപക്ഷം. വെള്ളിയാഴ്‌ച സമാജ്‌വാദി പാർടി എംപി രാംജിലാൽ സുമന്റെ പരാമർശങ്ങളുടെ പേരിലാണ് ബിജെപി അംഗങ്ങൾ രാജ്യസഭ തടസ്സപ്പെടുത്തിയത്. നേരത്തെ, മുസ്ലിം സംവരണ വിഷയത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്‌താവനയുടെ പേരിലും ബിജെപി സഭാനടപടികൾ തടസ്സപ്പെ ടുത്തി.
മണ്ഡലപുനർനിർണയം, ഹിന്ദി അടിച്ചേൽപ്പിക്കൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള വിവേചനം, ജഡ്‌ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം, വോട്ടർകാർഡുകളുടെ ഇരട്ടിപ്പ് തുടങ്ങിയ നിർണായക വിഷയങ്ങളിൽ ചർച്ചകൾ തടയാനാണ് ഭരണപക്ഷം ശ്രമിച്ചത്. ഇതിനുപുറമേയാണ് പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാത്ത ലോക്‌സഭാ സ്‌പീക്കർ ഓംബിർളയുടെ നടപടി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഉന്നമിട്ടുള്ള പരാമർശങ്ങൾ നടത്തിയ ശേഷം അദ്ദേഹത്തിന് വിശദീകരിക്കാൻ അവസരം നൽകാതെ സഭ പിരിച്ചുവിട്ട സ്‌പീക്കറുടെ നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ശ്രമിക്കുമ്പോൾ അനുവദിക്കുന്നതാണ് കീഴ്‌വഴക്കം. പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കാൻ ശ്രമിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നത് പതിവായി.
കഴിഞ്ഞദിവസം ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ സ്‌പീക്കറെ സന്ദർശിച്ച് പ്രതിപക്ഷശബ്‌ദങ്ങൾ അടിച്ചമർത്തുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി.
തുറമുഖ ബിൽ പിൻവലിക്കണം
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്ന തുറമുഖ ബില്ലിനെ ലോക്‌സഭയിൽ ശക്തമായി എതിർത്ത് പ്രതിപക്ഷം. നിലവിലുള്ള തുറമുഖ നിയമങ്ങൾ ക്രോഡീകരിക്കുകയും തുറമുഖങ്ങളുടെ ഭരണം കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യമെന്ന് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച തുറമുഖ മന്ത്രി സർബാനന്ദ സോണോവാൾ അവകാശപ്പെട്ടു.
ഫെഡറൽഘടനയെ അട്ടിമറിക്കുന്ന വ്യവസ്ഥകളുള്ള ബിൽ തുറമുഖങ്ങളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐ എം കക്ഷിനേതാവ് കെ രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി. കേന്ദ്ര, സംസ്ഥാനങ്ങൾ അധികാരവിതരണങ്ങൾ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന് എതിരാണ് ഈ നീക്കം. ബിൽ അടിയന്തിരമായി പിൻവലിക്കുകയോ പകരം പുതിയ ബിൽ അവതരിപ്പിക്കുകയോ ചെയ്യണമെന്നും കെ രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു. സ്വകാര്യതുറമുഖങ്ങളെ നിയന്ത്രിക്കാനുള്ള വ്യവസ്ഥകൾ ബില്ലിൽ ഇല്ലെന്ന് തൃണമൂൽ കോൺഗ്രസിന്റെ സൗഗതാറോയ് പറഞ്ഞു.ശക്തമായ പ്രതിഷേധത്തിനിടെയാണ് ബിൽ അവതരിപ്പിച്ചത്.
റമദാനിലെ അവസാന വെള്ളിയാഴ്‌ച്ച : രാജ്യസഭയിൽ ചർച്ച നീട്ടിയതിൽ പ്രതിഷേധം
റമദാനിലെ അവസാന വെള്ളിയാഴ്‌ച്ച ദിവസം സഭാ ഷെഡ്യുളിൽ മാറ്റം വരുത്തി രാജ്യസഭയിൽ ചർച്ച നീട്ടിക്കൊണ്ടുപോയതിൽ പ്രതിഷേധം. ഷെഡ്യൂളിൽ പെട്ടെന്ന് മാറ്റം വരുത്തി വെള്ളിയാഴ്‌ച്ച പകൽ ഒന്ന് മുതൽ 2.30 വരെ ബില്ലിൽ ചർച്ച നടത്തിയതിൽ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. പകൽ ഒന്നിനും രണ്ടിനുമിടയിൽ സഭാനടപടികളുമായി മുന്നോട്ടുപോകരുതെന്ന് മുസ്ലിംലീഗ് എംപിമാർ രാജ്യസഭാധ്യക്ഷന് കത്ത് നൽകിയിരുന്നു. നിസ്‌കാര സമയമായതിനാൽ ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് എംപിമാർ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.









0 comments