കാര്യങ്ങൾ കൂടുതൽ വഷളായാൽ പാകിസ്ഥാൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും; ഇന്ത്യ

vikram

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

വെബ് ഡെസ്ക്

Published on May 08, 2025, 06:42 PM | 2 min read

ന്യൂഡൽഹി: കാര്യങ്ങൾ കൂടുതൽ വഷളാക്കുകയല്ല ഞങ്ങളുടെ ഉദ്ദേശ്യം, സംഘർഷാവസ്ഥയോട് പ്രതികരിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നതെന്ന്‌ ഇന്ത്യൻ സംയുക്തസേന. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിം​ഗ് എന്നിവരാണ്‌ മാധ്യമങ്ങളെ കണ്ടത്‌. പഹൽഗാമിൽ ആക്രമണം നടത്തിയ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന സംഘടന ലഷ്‍കര്‍ ഇ തായ്ബയുമായി ചേർന്നു പ്രവർത്തിക്കുന്നവരാണ്. ഈ സംഘടനയെക്കുറിച്ച് യുഎന്നിന്റെ ഉപരോധ നിരീക്ഷണ സമിതിക്ക് ഇന്ത്യ വിവരങ്ങൾ കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎൻ സമിതിയെ ഉടൻ തന്നെ കാണും. പഹൽഗാം ആക്രമണത്തെക്കുറിച്ച് യുഎൻ രക്ഷാസമിതിയിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ടിആർഎഫിന്റെ പങ്കിനെ പാകിസ്ഥാൻ എതിർത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് രണ്ടുതവണ ഏറ്റെടുത്തതിന് ശേഷമാണ് ഇക്കാര്യമുണ്ടായതെന്ന്‌ വിക്രം മിസ്രി പറഞ്ഞു.


ഇന്ത്യ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ല. എന്നാൽ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി ഉണ്ടാകുമെന്ന് ആവർത്തിച്ചു വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിയന്ത്രണ രേഖയിൽ പാക്‌ പ്രകോപനം തുടരുകയാണ്‌. വടക്ക്‌ പടിഞ്ഞാറൻ മേഖലയെയാണ്‌ പാകിസ്ഥാൻ ലക്ഷ്യമിട്ടത്‌.


അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ വടക്ക്‌ പടിഞ്ഞാറൻ മേഖലയിലെ നിരവധി സൈനിക കേന്ദ്രങ്ങൾ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമിച്ചു. ആക്രമണങ്ങളെ ഇന്ത്യ തകർത്തു. പാകിസ്ഥാന്‌ തക്ക മറുപടി നൽകി. ഇന്ത്യൻ നഗരങ്ങളെയും ആക്രമിക്കാൻ ശ്രമമുണ്ടായി. ഇന്ന്‌ രാവിലെയും ആക്രമണത്തിന്‌ ശ്രമമുണ്ടായി എന്നാൽ വ്യോമ പ്രതിരോധ സംവിനാനങ്ങൾ ഉപയോഗിച്ച്‌ ഇന്ത്യ അത്‌ തകർത്തു.


വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണം ഇന്ത്യൻ സായുധ സേന പരാജയപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, ജമ്മു-കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ മൂന്ന്‌ സ്ത്രീകളും അഞ്ച്‌ കുട്ടികളും ഉൾപ്പെടെ 16 സാധാരണക്കാർ കൊല്ലപ്പെട്ടു. കൂടാതെ ജമ്മു കശ്മീരിലെ സിഖ് സമൂഹത്തെ ലക്ഷ്യം വച്ചുള്ള ആക്രമണവും പാകിസ്ഥാന്റെ ഭാഗത്ത്‌ നിന്നുണ്ടായി. പൂഞ്ചിലെ ഒരു ഗുരുദ്വാരയും ആക്രമിച്ചു. ഭീകരവിരുദ്ധ അന്വേഷണങ്ങൾ പാകിസ്ഥാൻ നിർത്തിവച്ചിരിക്കുകയാണ്‌ . "പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്താനുള്ള പാകിസ്ഥാന്റെ വാഗ്ദാനം വെറും കണ്ണിൽ പൊടിയിടൽ മാത്രമാണ്. യുഎൻ നിരോധിച്ച നിരവധി ഭീകരർ പാകിസ്ഥാനിലുണ്ട്‌. ഒസാമ ബിൻ ലാദനെ എവിടെയാണ് കണ്ടെത്തിയതെന്ന് എല്ലാവർക്കും അറിയാം. ബിൻ ലാദനെ രക്തസാക്ഷി എന്ന് വിളിച്ചത് ആരാണെന്ന് നമുക്കറിയാം. ബിൻലാദൻ വരെ പാകിസ്ഥാന്റെ സൃഷ്ടിയാണ്‌. കൊല്ലപ്പെട്ട ഭീകരവാദികൾക്ക് ഔദ്യോഗിക ശവസംസ്കാരം നടത്തുകയാണ്‌ പാകിസ്ഥാൻ. ഇതിൽ നിന്ന്‌ ഭീകരാക്രമണത്തിലെ പാകിസ്ഥാന്റെ പങ്ക് വ്യക്തമാണ് വിക്രം മിസ്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home