നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻ

പ്രതീകാത്മക ചിത്രം
ശ്രീനഗർ: തുടർച്ചയായ ആറാം ദിവസവും ഇന്ത്യാ- പാക് അതിർത്തിയിൽ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) നിരവധി സ്ഥലങ്ങളിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തി. 26 പേരെ കൊലപ്പെടുത്തിയ പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വീണ്ടും വെടിവയ്പ്പ് നടത്തുന്നത്.
രജൗരി ജില്ലയിലെ നൗഷേര, സുന്ദർബാനി സെക്ടറുകളിലും ജമ്മുവിലെ അഖ്‌നൂർ, പർഗ്‌വാൾ സെക്ടറുകളിലും ബാരാമുള്ള, കുപ്‌വാര ജില്ലകളിലുമാണ് പുതുതായി വെടിവയ്പ്പ് നടന്നത്. ഇന്ത്യൻ സൈനികർ കൃത്യമായ തിരിച്ചടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തെ തുടർന്ന്, നിയന്ത്രണ രേഖ (എൽഒസി)യിൽ സൈന്യം സുരക്ഷ കടുപ്പിച്ചു. പർഗ്വാൾ സെക്ടറിൽ കൂടുതൽ ബിഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തെക്കുറിച്ചും വെടിനിർത്തൽ ലംഘനങ്ങളെക്കുറിച്ചും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസിനെ (ഡിജിഎംഒ) അറിയിച്ചു.
പഹൽഗാം ആക്രമണത്തിനുശേഷം, പാകിസ്ഥാൻ അതിർത്തി കടന്നുള്ള വെടിവയ്പ്പ് പതിവായി വർദ്ധിച്ചുവരികയാണ്. ഇത് ആസൂത്രിതവും പ്രകോപനപരവുമാണെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച രാത്രിയിൽ, കുപ്വാര, ബാരാമുള്ള ജില്ലകളിൽ നിന്നും അഖ്നൂർ സെക്ടറിൽ നിന്നും നിരവധി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിയന്ത്രണ രേഖയിൽ (എൽഒസി) കുറഞ്ഞത് ഏഴ് വെടിവയ്പ്പുകളാണ് റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ചയാണ് മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന പഹൽഗാമിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. വിനോദസഞ്ചാരികളടക്കം 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധുനദീജല കരാറടക്കം റദ്ദാക്കുകയും ഇന്ത്യയിലുള്ള പാക് പൗരൻമാർ രാജ്യം വിട്ട് പോകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇന്ത്യ– പാക് സംഘർഷം; ആശങ്ക പ്രകടിപ്പിച്ച് യുഎൻ
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഫോണിൽ സംസാരിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് എസ് ജയശങ്കർ യുഎൻ സെക്രട്ടറി ജനറലിനെ അറിയിച്ചതായാണ് വിവരം. എല്ലാത്തരം ഭീകരതയെയും പാകിസ്ഥാൻ അപലപിക്കുന്നുവെന്നും പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് സുതാര്യവും നിഷ്‌പക്ഷവുമായ അന്വേഷണം വേണമെന്നും ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു.









0 comments