ആകാശച്ചുഴിയിൽപ്പെട്ട ഇന്ത്യൻ വിമാനത്തിന് വ്യോമാതിര്‍ത്തി നിഷേധിച്ച് പാകിസ്ഥാൻ

ന്യൂഡൽഹി: ബുധനാഴ്ച ആകാശച്ചുഴിയിൽപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാൻ. പെട്ടെന്നുണ്ടായ ആലിപ്പഴ വീഴ്ചയെത്തുടർന്ന് ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനത്തിന്റെ വ്യോമപാത തടസപ്പെട്ടിരുന്നു. വിമാനത്തിന്റെ പൈലറ്റാണ് അപകടമൊഴിവാക്കാനായി പാകിസ്ഥാൻ വ്യോമാതിർത്തി ഹ്രസ്വമായി ഉപയോഗിക്കാൻ ലാഹോർ എയർ ട്രാഫിക് കൺട്രോളിന്റെ അനുമതി തേടിയത്. എന്നാൽ അഭ്യർത്ഥന പാകിസ്ഥാൻ നിരസിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ഇൻഡിഗോ എയര്‍ലൈൻസിന്റെ 6E 2142 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. സംഭവം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡിജിസിഎ) അന്വേഷിച്ചുവരികയാണ്. 220 ലധികം പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സഞ്ചാരത്തിനിടെ പെട്ടെന്ന് ആലിപ്പഴം പെയതു. പൈലറ്റ് ശ്രീനഗർ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ എമർജൻസി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കാനാകുമോ എന്ന് തിരക്കിയെങ്കിലും അപേക്ഷ നിരസിച്ചതോടെ നിശ്ചിത പാതയിലൂടെ തന്നെ യാത്ര തുടർന്നു. ബുധനാഴ്ച വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനം ലാൻഡ് ചെയ്ത ഉടനെ എല്ലാ യാത്രക്കാർക്കും വൈദ്യസഹായം ഉറപ്പാക്കി. ആർക്കും പരിക്കേറ്റിട്ടില്ല. വിമാനം നിലവിൽ ശ്രീനഗറിൽ ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ അനുമതികളും ലഭിച്ചാൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും എയർലൈൻ അറിയിച്ചു.









0 comments