ഫിറോസ്‍പൂരിലെ വീട്ടില്‍ പതിച്ചത് ഇന്ത്യ തകർത്ത പാകിസ്ഥാന്റെ ഡ്രോൺ; അമൃത്‍സറില്‍ റെഡ് അലര്‍ട്ട്

അമൃത്‍സര്‍: പഞ്ചാബിലെ ഫിറോസ്‍പൂരിലെ വീട്ടില്‍ പതിച്ചത് ഇന്ത്യൻ എയർ ഡിഫൻസ് സിസ്റ്റം തകർത്ത പാകിസ്ഥാന്റെ ഡ്രോൺ. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വന്നു പതിച്ച് വീടിനും നിര്‍ത്തിയിട്ടിരുന്ന കാറിനും തീപിടിക്കുകയായിരുന്നു. ഖൈ ഫിമെ കെ ഗ്രാമത്തിലുണ്ടായ അപകടത്തില്‍ വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ലഖ്‍വിന്ദര്‍ സിങ്, ഭാര്യ സുഖ്‍വിന്ദർ കൗർ, സഹോദരൻ മോനു സിങ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ലഖ്‍വിന്ദറിന്റെ നില ഗുരുതരമാണെന്നും ഫിറോസ്പൂർ ജില്ലാ എസ്‍പി ഭുപീന്ദർ സിങ് അറിയിച്ചു.
പഞ്ചാബിന്റെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി രാത്രി പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ഫിറോസ്പൂർ കൂടാതെ പത്താൻകോട്ട്, ഫാസിൽക്ക, അമൃത്‍സര്‍ ജില്ലകളിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ആക്രമണ ശ്രമങ്ങള്‍ ഇന്ത്യയുടെ സുരക്ഷാസേനകൾ വിജയകരമായി തകര്‍ത്തു. അമൃത്‍സറില്‍ വിമാനത്താവളത്തിന് സമീപമടക്കമുള്ള മേഖലകളില്‍ രാത്രി 15 ലധികം പാകിസ്ഥാൻ ഡ്രോണുകൾ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആക്രമണശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്കും വാഹനയാത്രികരും ലൈറ്റുകൾ മുഴുവൻ ഓഫാക്കണമെന്നും വീടിന്റെ ജനാലകള്‍ കാഴ്ച തടയുന്ന തരത്തില്‍ കര്‍ട്ടനിട്ടു മറയ്ക്കണമെന്നും അധികൃതര്‍ അഭ്യർത്ഥിച്ചു.
ജമ്മു മുതൽ ഗുജറാത്ത് വരെ രാജ്യത്തെ 26 സ്ഥലങ്ങളെ ലക്ഷ്യമാക്കി വെള്ളിയാഴ്ച രാത്രി പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾ സുരക്ഷാസേന തകര്‍ത്തെന്നാണ് പ്രതിരോധവിഭാഗം ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്. വിമാനത്താവളങ്ങൾ അടക്കമുള്ള പ്രധാന സൈനിക താവളങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണ ശ്രമം.









0 comments