പഹൽഗാം: ചെന്നെെയിൽ നിന്ന് കൊളംബോയിലെത്തിയ വിമാനത്തിൽ ഭീകരർക്കായി തിരച്ചിൽ

പ്രതീകാത്മക ചിത്രം
കൊളംബോ: ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലെത്തിയ വിമാനത്തിൽ പരിശോധന. പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ള ഭീകരർ വിമാനത്തിലുണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പൊലീസും വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ അസാധാരണമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് ശ്രീലങ്കൻ എയർലൈൻസ് പുറത്തുവിടുന്ന വിവരം.
ഇന്ത്യയിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിമാനത്തിലെ പരിശോധന. ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ആറ് ഭീകരർ വിമാനത്തിലുണ്ടെന്നായിരുന്നു വിവരം.
ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഉച്ച 11.59ന് കൊളംബോയിലെത്തിയ യുഎൽ 122 എന്ന വിമാനത്തിലാണ് ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം തിരച്ചിൽ നടത്തിയത്. വിമാനം പൂർണമായി പരിശോധിച്ചതിന് ശേഷം മറ്റ് നടപടികളിലേക്ക് കടന്നതായും ശ്രീലങ്കൻ എയർലൈൻസ് അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്. പാകിസ്ഥാനിൽ നിന്നും നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ ഇന്ന് നിരോധിച്ചു. പാകിസ്ഥാനിൽ ഉത്പാദിപ്പിക്കുന്നതോ മറ്റ് രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് നടക്കുന്ന എല്ലാ ചരക്കു നീക്കത്തിനും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തുന്നതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനത്തിൽ പറയുന്നു.
ബൈസരനിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന് നിർണായക പങ്കുണ്ടെന്നാണ് എൻഐഎയുടെ പ്രാഥമിക റിപ്പോർട്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസും (ഐഎസ്‌ഐ) ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയും(എൽഇടി) തമ്മിൽ ബന്ധമുള്ളതായാണ് കണ്ടെത്തൽ. വിനോദസഞ്ചാരികളടക്കം 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഐഎസ്‌ഐ പ്രവർത്തകരുടെ നിർദേശപ്രകാരം എൽഇടി ഗൂഢാലോചന നടത്തിയതായാണെന്നും എൻഐഎ റിപ്പോർട്ട് പറയുന്നു.









0 comments