ഗുരുതര സുരക്ഷാവീഴ്‌ച ; ഉത്തരവാദി കേന്ദ്രം

എം പ്രശാന്ത്
Published on Apr 25, 2025, 02:54 AM | 3 min read
ന്യൂഡൽഹി : കേന്ദ്രഇന്റലിജൻസിൽനിന്നുണ്ടായ ഗുരതര വീഴ്‌ചയാണ് പഹൽഗാമിലെ ഭീകരാക്രമണത്തിന് വഴിവെച്ചത്. അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നതതല യോഗം ചേർന്ന് സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തി ദിവസങ്ങൾക്കുള്ളിലാണ് പഹൽഗാം ആക്രമണം. ഭീകരാക്രമണ സാധ്യത മുൻനിർത്തി സുരക്ഷയൊരുക്കുന്നതിൽ ഗുരുതരവീഴ്‌ച സംഭവിച്ചു. കശ്‌മീരി മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തി.
സീസണിൽ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. 20 മിനിറ്റിലേറെ വെടിവയ്‌പ്പ് നടത്തിയ ഭീകരരെ പിടികൂടാന്‍ രണ്ടുദിവസത്തിനുശേഷവും കഴിഞ്ഞിട്ടില്ല. ഗുരുതര പിഴവിന്റെ ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്രസർക്കാരിന് മാറിനിൽക്കാനാവില്ല. 2019ലെ ജമ്മു -കശ്‌മീർ പുനഃസംഘടനാ നിയമപ്രകാരം കശ്‌മീരിൽ വിന്യസിക്കപ്പെട്ട കേന്ദ്രസേനയ്‌ക്കും കരസേനയ്‌ക്കും പുറമെ പൊലീസിന്റെ മേൽനോട്ട ചുമതലയും കേന്ദ്രത്തിനാണ്. കേന്ദ്രഭരണ പ്രദേശത്തെ നാഷണൽ കോൺഫറൻസ് സർക്കാരിന് പൊലീസിന് മേൽ ഒരധികാരവുമില്ല. ലെഫ്. ഗവർണറിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.
പ്രത്യേകപദവി റദ്ദാക്കിയത് അടക്കമുള്ള ഏകപക്ഷീയ കേന്ദ്രനടപടികൾക്കെതിരായി കടുത്ത ജനവികാരം താഴ്‌വരയിലുണ്ട്. കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടതിനുശേഷം രൂപപ്പെട്ട ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന ഭീകരസംഘടനയുടെ നേതൃനിരയെ കണ്ടെത്തി നിർവീര്യമാക്കാൻ അഞ്ചുവർഷമായി കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല.
സുരക്ഷയ്‌ക്ക് ആരുമുണ്ടായിരുന്നില്ല
വിനോദസഞ്ചാരികൾ തിങ്ങിനിറയുന്ന പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ ഒരു സുരക്ഷാഭടനെപ്പോലും കേന്ദ്രസർക്കാർ വിന്യസിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ശക്തമാവുന്നു. ഭീകരാക്രമണമുണ്ടായ ചൊവ്വാഴ്‌ച പഹൽഗാം മുതൽ ബൈസരൻ വരെയുള്ള ഏഴ് കിലോമീറ്ററിൽ ഒരു സുരക്ഷാഭടനെപോലും കണ്ടില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസ് പിക്കറ്റുകളോ കേന്ദ്രസേനയുടെ ക്യാമ്പുകളോ ദുർഘടമായ പാതയിൽ എവിടെയുമുണ്ടായിരുന്നില്ല. അത് ഭീകരർക്ക് കാര്യങ്ങൾ എളുപ്പമാക്കി. പലവട്ടം ബൈസരൻ പുൽമേട്ടിൽ നിരീക്ഷണം നടത്തിയശേഷമാണ് ആക്രമണം ആസൂത്രണം ചെയ്‌തതെന്ന് റിപ്പോർട്ടുണ്ട്. പൈൻകാടുകളിൽനിന്ന് ബൈസരൻ പുൽമേട്ടിലേക്ക് കടന്ന ഭീകരർ അര മണിക്കൂറോളം വിനോദസഞ്ചാരികൾക്കുനേരെ വെടിയുതിർത്തു. തുടർന്ന് കാടുകളിലേക്ക് പിൻവാങ്ങി അനായാസം രക്ഷപ്പെട്ടു.
സൈനികരുടെ അഭാവം രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. ആക്രമണമുണ്ടായി ഒരു മണിക്കൂറെങ്കിലും കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത്. ദുർഘടമായ പാതയിലൂടെ കുതിരപ്പുറത്തോ നടന്നോ മാത്രമാണ് പഹൽഗാമിൽനിന്ന് ബൈസരനിൽ എത്താനാവുക. യാത്രയ്‌ക്ക് ഒന്നര മണിക്കൂറെങ്കിലും ദൈർഘ്യമുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്ന സമയമായിട്ടുകൂടി ഭീകരാക്രമണ സാധ്യതയുള്ള മേഖലകൾ മനസ്സിലാക്കി സുരക്ഷയൊരുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. 2000ത്തിൽ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇന്ത്യ സന്ദർശിച്ച ഘട്ടത്തിൽ കശ്‌മീരിലെ ഛത്തിസിങ് പുരയിൽ ഭീകരർ 35 സിഖ് വംശജരെ കൊലപ്പെടുത്തി. ഈ സംഭവത്തിന് ശേഷം പ്രധാന ലോകനേതാക്കൾ രാജ്യം സന്ദർശിക്കുന്ന ഘട്ടങ്ങളിലെല്ലാം ജമ്മു -കശ്‌മീരിൽ സുരക്ഷ ശക്തമാക്കും. ഇതൊന്നും ഇക്കുറി ഉണ്ടായില്ല.
‘കുഴപ്പം കശ്‌മീരിനല്ല; സുരക്ഷയ്ക്കാണ് ’ ; കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടയാളുടെ ഭാര്യ
‘കശ്‌മീരിന് ഒരു കുഴപ്പവുമില്ല. കുഴപ്പം നിങ്ങളുടെ സുരക്ഷാസംവിധാനത്തിനാണ്’–- വിതുമ്പലടക്കി രോഷത്തോടെ ശീതൾ കലാത്തിയ തുറന്നടിച്ചപ്പോൾ കേന്ദ്രമന്ത്രി സി ആർ പാട്ടീലിന് മറുപടി പറയാൻ വാക്കുകളുണ്ടായില്ല. പഹൽഗാമിൽ കൊല്ലപ്പെട്ട സൂറത്ത് സ്വദേശി ശൈലേഷ് കലാത്തിയയുടെ ജീവിതപങ്കാളിയാണ് ശീതൾ. മുംബൈയിൽ ബാങ്ക് മാനേജരായ ശൈലേഷ്, ശീതളിനും രണ്ട് മക്കൾക്കുമൊപ്പമാണ് കശ്‌മീരിലേക്ക് പോയത്.
ആശ്വസിപ്പിക്കാനെത്തിയ കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച ശീതൾ എന്തൊരു സർക്കാരാണിതെന്ന് ക്ഷുഭിതയായി ചോദിച്ചു. ‘നിങ്ങൾ കശ്‌മീരിനെ മോശമാക്കുകയാണ്. നിരവധി വിനോദസഞ്ചാരികൾ എത്തിയ പഹൽഗാമിൽ ഒരൊറ്റ സുരക്ഷാഭടൻ പോലുമുണ്ടായില്ല. വെെദ്യ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. വിഐപികൾക്ക് എല്ലാ സുരക്ഷയുമുണ്ട്. നികുതിദായകരുടെ ജീവന് യാതൊരു വിലയുമില്ലേ. സഹായിക്കുന്നതിന് പകരം നിങ്ങൾ എന്തിന് അങ്ങോട്ട് പോയെന്നാണ് സേനാ ഉദ്യോഗസ്ഥർ ചോദിച്ചത്. വൈദ്യ സഹായം വേണ്ടിവന്നപ്പോൾ അത് ലഭിച്ചില്ല. തനിക്ക് നീതി വേണം. സർക്കാർ ഇനി എന്താണ് ചെയ്യുക. തന്റെ ഭർത്താവ് മാത്രമല്ല ഒരുപാട് പേർ കുട്ടികൾക്ക് മുമ്പിൽ കൊല്ലപ്പെട്ടു–- ശീതൾ പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സെയ്‌നിയ്‌ക്കും ബന്ധുക്കളുടെ രോഷപ്രകടനത്തെ അഭിമുഖീകരിക്കേണ്ടി വന്നു. പഹൽഗാമിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ സംസ്‌ക്കാരചടങ്ങിന് എത്തിയപ്പോഴാണ് സെയ്‌നിയെ ബന്ധുക്കൾ പ്രതിഷേധം അറിയിച്ചത്. വെടിയേറ്റ് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും രക്ഷയ്‌ക്ക് ആരും എത്തിയില്ലെന്ന് വിനയ് നർവാളിന്റെ സഹോദരി രോഷത്തോടെ സെയ്‌നിയോട് പറഞ്ഞു.
കശ്‌മീരിൽ പോകേണ്ട; പൗരൻമാരെ വിലക്കി അമേരിക്ക
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു–-കശ്‌മീർ സന്ദർശിക്കുന്നതിൽനിന്ന് പൗരരെ വിലക്കി അമേരിക്ക. ഇന്ത്യാ–- പാകിസ്ഥാൻ അതിർത്തിയുടെ 10 കിലോമീറ്ററിനുള്ളിൽ പോകരുതെന്നും അമേരിക്കൻ ആഭ്യന്തരവകുപ്പ് നിർദേശം നൽകി. ജമ്മു കശ്‌മീരിൽ ഭീകരാക്രമണങ്ങൾക്കും അക്രമാസക്തമായ ആഭ്യന്തരസംഘർഷത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിലുള്ളത്. ലേ അടക്കം കിഴക്കൻ ലഡാക്ക് മേഖലയിലേക്ക് പോകുന്നതിന് വിലക്കില്ല. ജമ്മു കശ്‌മീരിൽ ഇടയ്‌ക്കിടെ അക്രമസംഭവങ്ങളുണ്ടാകാറുണ്ടെന്നും നിയന്ത്രണരേഖയിൽ ഇത് പതിവാണെന്നും നിർദേശത്തിലുണ്ട്.
പാക് ഹൈകമീഷന്റെ സുരക്ഷ പിൻവലിച്ചു
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഡൽഹിയിലെ പാകിസ്ഥാൻ ഹൈകമീഷൻ ഓഫീസിന്റെ സുരക്ഷ പിൻവലിച്ചു. ഓഫീസിന് മുന്നിലെ ബാരിക്കേഡുകൾ ഡൽഹി പൊലീസ് നീക്കം ചെയ്‌തു. പാക് ഹൈകമീഷൻ ഓഫീസിലേക്ക് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ചുകൾ നടത്തി. ആന്റി ടെറർ ആക്‌ഷൻ ഫോറമെന്ന പേരിൽ ബിജെപിയും പ്രതിഷേധിച്ചു.
അതേസമയം, പാക് ഹൈകമീഷൻ ഓഫീസിലേക്ക് കേക്കുമായി ഒരാൾ പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൾ പ്രചരിച്ചു. വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ദേശീയമാധ്യമങ്ങൾ വലിയ വാർത്തയാക്കി. നിരപരാധികൾ കൊല്ലപ്പെട്ട സംഭവം കേക്ക് മുറിച്ച് ആഘോഷിക്കാനുള്ള നീക്കമാണുണ്ടായതെന്നാണ് സമൂഹമാധ്യമങ്ങളിലുടെ ചിലര്‍ നടത്തുന്നത്.









0 comments