നാലുനാൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വെടിനിർത്തൽ

ന്യൂഡൽഹി
: ലോകത്തെ മുൾമുനയിലാക്കി നാലുനാൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. കര,- വ്യോമ, നാവിക തലത്തിലെ എല്ലാ സൈനിക നടപടികളും ആക്രമണങ്ങളും അവസാനിപ്പിച്ച് ശനിയാഴ്‌ച പകൽ അഞ്ചുമുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. സൈനികതലത്തിലെ തുടർചർച്ച തിങ്കൾ പകൽ 12ന്.
മൂന്ന് രാത്രി ഏറ്റുമുട്ടലിന്റെ കെടുതികൾ അനുഭവിച്ച ഇരുരാജ്യത്തെയും അതിർത്തിയിലെയും നിയന്ത്രണരേഖയിലെയും ജനങ്ങൾക്ക് വെടിനിർത്തൽ ആശ്വാസമായി.
സൈനികനടപടി മാത്രമാണ് അവസാനിപ്പിച്ചതെന്നും സിന്ധു നദീജല കരാർ മരവിപ്പിച്ചത് അടക്കമുള്ള തീരുമാനങ്ങളിൽ മാറ്റമില്ലെന്നും വിദേശമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു.
അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിൽ എത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസും വിദേശ സെക്രട്ടറി മാർകോ റുബിയോയും ഇത് ശരിവെച്ചു. രണ്ടുദിവസമായി ഇന്ത്യൻ പ്രധാനമന്ത്രി, പാക് പ്രധാനമന്ത്രി, ഇരുരാജ്യത്തെയും വിദേശമന്ത്രിമാർ, സുരക്ഷാഉപദേഷ്‌ടാക്കൾ, പാക് സേനാമേധാവി എന്നിവരുമായി സംസാരിച്ചു വരികയായിരുന്നുവെന്നും ഇത് ഫലം കണ്ടുവെന്നും റുബിയോ അവകാശപ്പെട്ടു. ട്രംപിന്റെ നേതൃത്വത്തിന് പാക്ക് അധികൃതരും നന്ദി പറഞ്ഞിട്ടുണ്ട്.
തുടര്‍ന്ന് ആദ്യം പാകിസ്ഥാനും പിന്നാലെ ഇന്ത്യയും വെടിനിർത്തൽ പ്രഖ്യാപനം സ്ഥിരീകരിച്ചു.
പാക് സേനയുടെ സൈനികനടപടികൾക്കായുള്ള ഡയറക്‌ടർ ജനറൽ (ഡിജിഎംഒ) ഇന്ത്യയുടെ കരസേനാ ഡിജിയുമായി ബന്ധപ്പെട്ട് വെടിനിർത്തലിന് താൽപ്പര്യം അറിയിക്കുകയായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. വെടിനിർത്തൽ മറ്റ് രാജ്യങ്ങളുടെ സമ്മർദഫലമായല്ലെന്നാണ് ഇന്ത്യൻ നിലപാട്.
വെടിനിർത്തൽ തീരുമാനം കര, വ്യോമ, നാവിക സേനകൾ പാലിക്കുമെന്നും ഏതുസാഹചര്യംനേരിടാനും പൂര്‍ണസജ്ജരായി സൈന്യം തുടരുമെന്നും കമ്മഡോർ രഘു ആർ നായരും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏത് ഭീഷണി നേരിടാനും പൂർണസജ്ജമാണ്. പാകിസ്ഥാന്റെ ഏത് അതിസാഹസികയ്‌ക്കും ഇന്ത്യയുടെ അതിശക്തമായ മറുപടിയുണ്ടാകും–- സൈന്യം വ്യക്തമാക്കി. ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ രാജ്യത്തിനെതിരായ യുദ്ധമായി കാണുമെന്ന ഇന്ത്യൻ നിലപാട് പാകിസ്ഥാനെ അറിയിച്ചതായാണ് റിപ്പോർട്ട്.









0 comments