തണലൊരുക്കി, ചേർത്തുപിടിച്ച് എസ്എഫ്ഐ

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ജമ്മു കശ്‌മീർ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് ഡൽഹിയിൽ സഹായമൊരുക്കി എസ്‌എഫ്‌ഐ. ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ട ജമ്മു കേന്ദ്ര സർവകലാശാല, പഞ്ചാബ് കേന്ദ്ര സർവകലാശാല, ലൗലി പ്രൊഫഷണൽ സർവകലാശാല എന്നിവിടങ്ങളിലെ മലയാളികളുൾപ്പെട്ട മുന്നൂറോളം വിദ്യാർഥികൾക്കാണ് എസ്‌എഫ്‌ഐ തുണയായത്.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും എസ്‌എഫ്‌ഐ നേതൃത്വവും സുർജിത്ത് ഭവനിൽ എസി ഡോർമിറ്ററി സൗകര്യവും ഭക്ഷണവും ഏർപ്പെടുത്തി.
വെള്ളി അർധരാത്രി ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയ വിദ്യാർഥികൾക്ക് എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഭക്ഷണപ്പൊതികൾ നൽകി. രാത്രി വൈകിയും സുർജിത്ത് ഭവനിലെത്തി എം എ ബേബി സൗകര്യങ്ങൾ ഉറപ്പുവരുത്തി. ശനിയാഴ്‌ച രാവിലെ സുർജിത്ത് ഭവനിൽ ജോൺ ബ്രിട്ടാസ് എംപി വിദ്യാർഥികളോട് സംസാരിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദീപ്‌സിത ധർ, എം എൽ അഭിജിത്ത്, സോഹൻ യാദവ് എന്നിവർ സഹായങ്ങളൊരുക്കുന്നതിന് നേതൃത്വം നൽകി.
അഭയമൊരുക്കി കേരള ഹൗസും
ഡൽഹി കേരള ഹൗസിലും വിദ്യാർഥികൾക്ക് ഭക്ഷണവും സൗകര്യങ്ങളും ഒരുക്കി. കേരള ഹൗസിലെത്തിയ വിദ്യാർഥികളോടും എം എ ബേബി സംവദിച്ചു. മലയാളി വിദ്യാർഥികളെ നാട്ടിൽ എത്തിക്കാൻ പ്രത്യേക ട്രെയിനോ കംപാർട്ടുമെന്റുകളോ അനുവദിക്കണം എന്നാവശ്യപ്പെട്ട് എംപിമാരായ സിപിഐ എം ലോക്‌സഭാ കക്ഷിനേതാവ് കെ രാധാകൃഷ്‌ണൻ, വി ശിവദാസൻ, എ എ റഹിം എന്നിവർ റെയിൽവേ മന്ത്രിക്ക് കത്തെഴുതി. എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചാബ് സർവകലാശാലയിലെത്തി വിദ്യാർഥികൾക്ക് സഹായങ്ങൾ ഉറപ്പാക്കി.









0 comments