സൽവാ ജുദും വിധിന്യായം

‘അമിത്‌ ഷാ തന്നെ മാവോയിസ്റ്റ്‌ 
അനുഭാവിയാക്കിയത്‌ വിധിന്യായം വായിക്കാത്തതിനാൽ’

B Sudarshan Reddy
avatar
സ്വന്തം ലേഖകൻ

Published on Aug 24, 2025, 12:07 AM | 1 min read

ന്യൂഡൽഹി: ‘സൽവാ ജുദും’ വിധിന്യായം വായിച്ചുനോക്കിയിരുന്നെങ്കിൽ തന്നെ മാവോയിസ്റ്റ്‌ അനുഭാവിയായി ആഭ്യന്തരമന്ത്രി അമിത്‌ ഷാ ചിത്രീകരിക്കില്ലായിരുന്നെന്ന്‌ പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർഥി ജസ്റ്റിസ്‌ ബി സുദർശൻ റെഡ്ഡി പറഞ്ഞു. "ആഭ്യന്തര മന്ത്രിയുമായി തർക്കത്തിനില്ല. സൽവാ ജുദും വിധിന്യായം എഴുതിയത്‌ ഞാനാണ്. എന്നാൽ വിധിന്യായം എന്റേതല്ല. മറ്റൊരു ജഡ്‌ജിയും ഒപ്പമുണ്ടായിരുന്നു. വിധിന്യായം അട്ടിമറിക്കാനുള്ള ശ്രമം വിജയിച്ചില്ല. ആഭ്യന്തര മന്ത്രി വിധിന്യായം വായിച്ചിരുന്നെങ്കിൽ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തുമായിരുന്നില്ല'– ജസ്റ്റിസ്‌ സുദർശൻ റെഡ്ഡി പറഞ്ഞു.


ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്‌. വ്യക്തികൾ തമ്മിലുള്ളതല്ല. ഭരണമുന്നണിയുടെ സ്ഥാനാർഥി കറതീർന്ന ആർഎസ്‌എസുകാരനാണ്‌. താൻ ആ ആശയഗതിക്കാരനല്ല. പ്രതിപക്ഷ പാർടികൾ കൂട്ടായി പിന്തുണച്ചതോടെയാണ്‌ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.


ജസ്റ്റിസ്‌ റെഡ്ഡിയുടെ സൽവാ ജുദും വിധിന്യായമില്ലായിരുന്നെങ്കിൽ മാവോയിസ്റ്റ്‌ ഭീകരതയെ 2020ൽ തന്നെ ഇല്ലാതാക്കാമായിരുന്നു എന്നാണ്‌ അമിത്‌ ഷാ കഴിഞ്ഞ ദിവസം കൊച്ചിയിൽ പറഞ്ഞത്‌. മാവോയിസ്റ്റുകളെ പിന്തുണയ്‌ക്കുന്ന ആളാണ്‌ ജസ്റ്റിസ്‌ റെഡ്ഡിയെന്നും ആരോപിച്ചു. മാവോയിസ്റ്റുകളെ നേരിടാനെന്ന പേരിൽ ഛത്തീസ്‌ഗഡിലെ മുൻ ബിജെപി സർക്കാർ രൂപീകരിച്ച സ്വകാര്യസേനയാണ്‌ സൽവാ ജുദും. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ ആദിവാസികൾക്കുനേരെ സൽവാ ജുദും നടത്തിയ അതിക്രമങ്ങൾ വിഷയം സുപ്രീംകോടതിയുടെ മുന്നിലെത്തുകയും ജസ്റ്റിസ്‌ റെഡ്ഡി ഉൾപ്പെട്ട ബെഞ്ച്‌ ആ സേനയെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home