പാര്‍ലമെന്റിന്റെ വർഷകാലസമ്മേളനം സമാപനം

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഒളിച്ചോടി കേന്ദ്രം

parliament
avatar
എം അഖിൽ

Published on Aug 22, 2025, 02:51 AM | 2 min read


ന്യൂഡൽഹി

ലക്ഷക്കണക്കിനുപേരുടെ വോട്ടവകാശം നിഷേധിക്കുന്ന ബിഹാറിലെ വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധനയടക്കം പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയര്‍ത്തിയ വിഷയങ്ങളിൽ പൂര്‍ണപ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍. 21 ദിവസം നീണ്ട സമ്മേളനത്തിനിടെ വിദേശനയങ്ങളിലെ ഗുരുതര വ്യതിയാനങ്ങൾ, അമേരിക്കൻ വിധേയത്വം, ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖറുടെ രാജി, പഹൽഗാമിലെ സുരക്ഷാവീഴ്‌ചകൾ തുടങ്ങിയ വിഷയങ്ങളിൽ ഒളിച്ചോടുകയായിരുന്നു കേന്ദ്രം.


സഭാസമ്മേളനത്തിന്റെ എല്ലാ ദിവസവും ഇരുസഭകളിലും ബിഹാർ വിഷയത്തിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടു. പാർലമെന്റിന്‌ പുറത്തും ശക്തമായി പ്രതിഷേധിച്ചു. എന്നാൽ, വിഷയം തെരഞ്ഞെടുപ്പ്‌ കമീഷന്റെയും സുപ്രീംകോടതിയുടെയും പരിഗണനയിലാണെന്ന പറഞ്ഞ്‌ കേന്ദ്രസർക്കാർ ചർച്ചയിൽ നിന്ന് ഒഴിഞ്ഞുമാറി.


സമ്മേളനാരംഭത്തിൽ ഉപരാഷ്‌ട്രപതി സ്ഥാനത്തുനിന്ന് ജഗ്‌ദീപ്‌ ധൻഖർക്ക്‌ കേന്ദ്രസർക്കാർ സമ്മർദത്തെ തുടർന്ന്‌ രാജിവയ്‍ക്കേണ്ടി വന്നു. ഇതിൽ ദുരൂഹമ‍ൗനം തുടർന്ന കേന്ദ്രം അദ്ദേഹത്തിന് യാത്രയയപ്പ്‌ നൽകാൻപോലും തയ്യാറായില്ല. പഹൽഗാം സുരക്ഷാവീഴ്‌ചയെക്കുറിച്ച് മിണ്ടാതെ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ഇരുസഭകളിലും കേന്ദ്രസർക്കാർ നടത്തിയ പ്രത്യേക ചർച്ചകളും പ്രഹസനമായി. പ്രധാനവിഷയങ്ങളിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളി.


പ്രതിഷേധങ്ങൾക്കിടെ ചർച്ചകൾ കൂടാതെ നിർണായകബില്ലുകൾ പാസാക്കി. ലോക്‌സഭയിൽ 12 ബില്ലും രാജ്യസഭയിൽ 1൫ ബില്ലുമാണ്‌ പാസാക്കിയത്‌. കായികമേഖലയെ കേന്ദ്രസർക്കാരിന്റെ പോക്കറ്റിലാക്കുന്ന ദേശീയ കായികഭരണ ബിൽ, ഖനന മേഖലയെ സ്വകാര്യകുത്തകകൾക്ക് തീറെഴുതുന്ന ഖനി–ധാതു ഭേദഗതി ബിൽ, ആദായനികുതിയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്ന ആദായനികുതി ബിൽ,‍ പണംവച്ചുള്ള ഓൺലൈൻ ഗെയിമുകള്‍ക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തുന്ന ബിൽ തുടങ്ങിയവയാണ് ജനാധിപത്യവിരുദ്ധമായി പാസാക്കിയത്‌. അറസ്റ്റിലായ മുഖ്യമന്ത്രിമാരും മന്ത്രിമാരും 30 ദിവസത്തിൽ കൂടുതൽ കസ്റ്റഡിയിലായാൽ അവരെ പുറത്താക്കാൻ വഴിയൊരുക്കുന്ന പുതിയ നിയമനിർമാണവും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി.


വര്‍ഷകാല സമ്മേളനത്തിന്റെ സമാപന ദിവസമായ വ്യാഴാഴ്ചയും വിവിധ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട്‌ പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായി പ്രതിഷേധിച്ചു. പലതവണ സഭാനടപടികൾ തടസ്സപ്പെട്ടതിനെ തുടർന്ന്‌ ഇരുസഭകളും അനിശ്‌ചിതകാലത്തേക്ക്‌ പിരിഞ്ഞു



ഓൺലൈൻ ഗെയിമുകളെ 
നിയന്ത്രിക്കാനുള്ള ബിൽ പാസായി

പണംവച്ചുള്ള ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കാനുള്ള വ്യവസ്ഥകളടങ്ങിയ പുതിയ ബില്ലിന്‌ പാർലമെന്റിന്റെ അംഗീകാരം. പ്രമോഷൻ ആൻഡ്‌ റെഗുലേഷൻ ഓഫ്‌ ഓൺലൈൻ ഗെയിമിങ് ബിൽ രാജ്യസഭ ശബ്‌ദവോട്ടിൽ പാസാക്കി. ലോക്‌സഭ കഴിഞ്ഞദിവസം പാസാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ കാര്യമായ ചർച്ചകൾ കൂടാതെയാണ്‌ ബിൽ പാസാക്കിയത്‌. വിലക്ക് മറികടക്കുന്നവർക്ക്‌ മൂന്നുവർഷം വരെ തടവും ഒരു കോടി വരെ പിഴയും ചുമത്താൻ വ്യവസ്ഥയുണ്ട്‌. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും.



deshabhimani section

Related News

View More
0 comments
Sort by

Home