പാർലമെന്റിൽ പ്രതിഷേധം അലയടിച്ചു ; പ്രതിപക്ഷ അംഗങ്ങൾ ബില്ലിന്റെ പകർപ്പ് ചീന്തിയെറിഞ്ഞു

ന്യൂഡൽഹി
ഭരണഘടനാഭേദഗതി ബില്ലിന് എതിരെ ലോക്‌സഭയിൽ ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ ബില്ലിന്റെ പകർപ്പ് ചീന്തിയെറിഞ്ഞു.
പ്രതിപക്ഷ നേതാക്കളെ രാഷ്‌ട്രീയമായി ഇല്ലായ്‌മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ലോക്‌സഭാകക്ഷി നേതാവ് കെ രാധാകൃഷ്‌ണൻ നോട്ടീസ് നൽകി.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ബിൽ ഭരണഘടനയുടെ 75,164, 239എഎ അനുച്ഛേദങ്ങളെ തകർക്കാനും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനും വേണ്ടിയുള്ളതാണെന്നും രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി. വ്യാജഏറ്റുമുട്ടൽ കേസിൽ അറസ്റ്റിലായ അമിത്‌ഷായ്‌ക്ക് രാഷ്‌ട്രീയത്തിലെ ധാർമികതയെക്കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളതെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. അറസ്റ്റിലാകുംമുമ്പ് താൻ രാജിവച്ചിരുന്നെന്നും കുറ്റവിമുക്തനായ ശേഷമാണ് വീണ്ടും മന്ത്രിയായതെന്നും അമിത് ഷാ മറുപടി നൽകി.
പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സഭ പലവട്ടം നിർത്തിവെച്ചു. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും റവ്‌നീത് സിങ് ബിട്ടുവും വനിതാഎംപിമാരെ കൈയേറ്റം ചെയ്‌തെന്ന് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി ആരോപിച്ചു. പ്രതിഷേധിച്ച ശതാബ്‌ദി റോയ്, മിഥാലി ബാഗ് എന്നിവരെ കേന്ദ്രമന്ത്രിമാർ തള്ളിയിട്ടെന്ന് കല്യാൺ ബാനർജി പറഞ്ഞു.
അതേസമയം, രാജ്യത്തെ ഓൺലൈൻ ഗെയിമുകള്‍ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ ലോക്‌സഭ ശബ്‌ദവോട്ടിൽ പാസാക്കി. രാജ്യസഭയിൽ ബിഹാർ എസ്‌ഐആർ വിഷയത്തിൽ പ്രതിപക്ഷം ബുധനാഴ്‌ചയും പ്രതിഷേധിച്ചു. ഗുവാഹത്തിയിൽ ആദ്യ ഐഐഎം സ്ഥാപിക്കാനുള്ള ഐഐഎം ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇരുസഭകളും പിരിഞ്ഞു.









0 comments