ഇന്ത്യാചരിത്രത്തിലെ അസാധാരണ 
 പ്രതിഷേധം മോദി സർക്കാരിന്‌ താക്കീതായി

വോട്ട്‌ അട്ടിമറിക്കെതിരെ 
ഒറ്റക്കെട്ടായി ഇന്ത്യ ; തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്ത് മുന്നൂറോളം എംപിമാർ അണിനിരന്നു

protest

ഇന്ത്യ കൂട്ടായ്‌മ എംപിമാർ ഡൽഹി തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ച് പൊലീസ്‌ തടഞ്ഞപ്പോൾ ജോൺ ബ്രിട്ടാസ്, സു വെങ്കിടേശൻ, 
കെ രാധാകൃഷ്ണൻ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പ്രതിഷേധിക്കുന്നു / ഫോട്ടോ: പി വി സുജിത്‌

avatar
അഖില ബാലകൃഷ്ണൻ

Published on Aug 12, 2025, 01:58 AM | 2 min read


ന്യൂഡൽഹി

ലക്ഷക്കണക്കിന്‌ പ‍ൗരരുടെ വോട്ടവകാശം കവർന്നെടുത്ത്‌ ജനാധിപത്യം അട്ടിമറിക്കാൻ വഴിയൊരുക്കുന്ന തെരഞ്ഞെടുപ്പ്‌ കമീഷനെതിരെ രാജ്യതലസ്ഥാനത്ത്‌ പ്രതിപക്ഷ എംപിമാർ ഒറ്റക്കെട്ടായി അണിനിരന്നു. മുന്നൂറോളം എംപിമാർ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക്‌ മാർച്ചുചെയ്‌ത രാജ്യചരിത്രത്തിലെ അസാധാരണ പ്രതിഷേധം മോദി സർക്കാരിന്‌ താക്കീതായി. പ‍ൗരത്വ രജിസ്റ്റർ ഒളിച്ചുകടത്തുന്ന തരത്തിലുള്ള ബിഹാർ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ), വോട്ടർപ്പട്ടിക ക്രമക്കേട്‌ എന്നിവയ്ക്കെതിരെയായിരുന്നു ഇന്ത്യ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മാർച്ച്‌. തൃണമൂൽ കോൺഗ്രസിന്റെയും ആം ആദ്‌മി പാർടിയുടെയും എംപിമാരും അണിനി
രന്നു.


തിങ്കൾ പകൽ 11.30ഓടെ പാർലമെന്റ്‌ കവാടത്തിനു മുന്നിൽനിന്നു നിർവചൻ സദനിലേക്കുള്ള മാർച്ച്‌ പാർലമെന്റ്‌ സ്‌ട്രീറ്റിൽ പൊലീസ്‌ തടഞ്ഞു. ബാരിക്കേഡ്‌ മറികടക്കാൻ എംപിമാർ ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി. ഏതുവിധേനയും മാർച്ച്‌ തടയണമെന്ന്‌ കേന്ദ്രസർക്കാർ നിർദേശമുള്ളതിനാൽ എംപിമാരെ പൊലീസ്‌ ബലമായി അറസ്റ്റുചെയ്തു. സ്‌ത്രീകളെയടക്കം ബലംപ്രയോഗിച്ചും വലിച്ചിഴച്ചുമാണ്‌ നീക്കിയത്‌. ദേഹാസ്വസ്ഥ്യമുണ്ടായ മഹുവാ മൊയ്‌ത്രയെയും സഞ്ജന ജാദവിനെയും ആശുപത്രിയിലെത്തിച്ചു. സമാജ്‌വാദി പാർടി എംപി അഖിലേഷ്‌ യാദവ്‌ ബാരിക്കേഡ്‌ ചാടിക്കടന്നു.​ എംപിമാരെ ഒരു മണിക്കൂറോളം പാർലമെന്റ്‌ സ്ട്രീറ്റ്‌ പൊലീസ്‌ സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചശേഷമാണ്‌ വിട്ടയച്ചത്‌.


ബിജെപി–തെരഞ്ഞെടുപ്പ്‌ കമീഷൻ അവിശുദ്ധ കൂട്ടുകെട്ടിന്റെ വോട്ടുമോഷണം അവസാനിപ്പിക്കുക, ജനാധിപത്യം അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമം അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി ഭരണഘടന ഉയർത്തിപ്പിടിച്ചാണ്‌ എംപിമാർ മാർച്ചുചെയ്തത്‌. ലോക്‌സഭ പ്രതിപക്ഷനേതാവ്‌ രാഹുൽഗാന്ധി, രാജ്യസഭാ പ്രതിപക്ഷനേതാവ്‌ മല്ലികാർജുൻ ഖാർഗെ, സിപിഐ എം ലോക്‌സഭ നേതാവ്‌ കെ രാധാകൃഷ്ണൻ, രാജ്യസഭ നേതാവ്‌ ജോൺ ബ്രിട്ടാസ്‌, എൻസിപി നേതാവ്‌ ശരദ്‌ പവാർ തുടങ്ങിയവർ നേതൃത്വം നൽകി. അമ്രാ റാം, എ എ റഹിം, വി ശിവദാസൻ, സു വെങ്കിടേശൻ, ജോസ്‌ കെ മാണി, പി സന്തോഷ്‌കുമാർ, പി പി സുനീർ തുടങ്ങിയവർ പങ്കെടുത്തു.


തെരഞ്ഞെടുപ്പ്‌ കമീഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ ഞായറാഴ്ചതന്നെ ഇന്ത്യ കൂട്ടായ്മയിലെ എംപിമാർ അനുമതി തേടിയിരുന്നു. കമീഷൻ ആസ്ഥാനത്തേക്കു പോകാൻ പൊലീസ്‌ അനുവദിച്ചില്ല. 30 എംപിമാർക്ക്‌ സന്ദർശനത്തിന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അനുമതി നൽകിയെങ്കിലും പൊലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ കൂടിക്കാഴ്ച റദ്ദാക്കി.

കേന്ദ്രസർക്കാർ നടപടിക്കെതിരായ പ്രതിഷേധത്തിൽ സഭയും പ്രക്ഷുബ്ധമായി. വൈകിട്ട്‌ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാർക്ക് നൽകിയ വിരുന്നിൽ ഭാവി പ്രക്ഷോഭ പരിപാടികൾ 
ചർച്ചചെയ്തു.


ഐക്യനീക്കത്തിന്‌ അഭിവാദ്യം: എം എ ബേബി

തെരഞ്ഞെടുപ്പ്‌ കമീഷന്റെ വോട്ടുതട്ടിപ്പിനും ബിഹാറിലെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയ്‌ക്കും എതിരെ ഇന്ത്യ കൂട്ടായ്‌മയിലെ എംപിമാർ ഐക്യത്തോടെ നടത്തിയ പ്രതിഷേധത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. എംപിമാരുടെ പ്രതിഷേധത്തെ ഡൽഹി പൊലീസിനെ ഉപയോഗിച്ച്‌ നേരിട്ട മോദി സർക്കാരിന്റെ നടപടിയെ അപലപിക്കുന്നതായും ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home