ഇന്ത്യ കൂട്ടായ്‌മ വിട്ട എഎപിയും അകന്നുനിന്ന തൃണമൂലും ആവേശപൂർവം അണിചേർന്നു
ചരിത്രം ഇൗ പ്രതിഷേധം ; ജനാധിപത്യത്തിനായി പ്രതിപക്ഷ ഐക്യമുന്നേറ്റം

ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന എംപിമാരായ വി ശിവദാസൻ, എ എ റഹിം, പി സന്തോഷ് കുമാർ , ജ്യോതിമണി, മഹുവ മൊയ്‌ത്ര, സഞ്ജന ജാവേദ്, തുടങ്ങിയവർ
എം പ്രശാന്ത്
Published on Aug 12, 2025, 03:00 AM | 3 min read
ന്യൂഡൽഹി
തെരഞ്ഞെടുപ്പ് കമീഷന്റെ ആസ്ഥാനത്തേക്ക് മുന്നൂറോളം പ്രതിപക്ഷ എംപിമാർ കൂട്ടായി മാർച്ച് ചെയ്യുകയെന്ന അസാധാരണ പ്രതിഷേധത്തിനാണ് തിങ്കളാഴ്ച പാർലമെന്റ് സ്ട്രീറ്റ് സാക്ഷ്യംവഹിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം. രാജ്യത്തെ സുപ്രധാന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്തുള്ള പ്രതിപക്ഷത്തിന്റെ കൂട്ടായ പ്രക്ഷോഭവും ഇതാദ്യം. മോദി സർക്കാരിന്റെ നിർദേശപ്രകാരം ഡൽഹി പൊലീസും കേന്ദ്രസേനകളും ചേർന്ന് മാർച്ച് ബലമായി തടഞ്ഞെങ്കിലും കമീഷൻ നിലപാട് തിരുത്തണമെന്ന ശക്തമായ താക്കീതാണ് പ്രതിപക്ഷം നൽകിയത്. ബിഹാർ വോട്ടർപട്ടിക പുനഃപരിശോധനയിലും വോട്ടുമോഷണ വിഷയത്തിലും പ്രതിപക്ഷ ആവശ്യങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ തീവ്ര പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ കൂട്ടായ്‌മയും ഐക്യവും ബിജെപിക്കും സംഘപരിവാറിനും വെല്ലുവിളിയായിരുന്നു. 400 സീറ്റ് ലക്ഷ്യമിട്ട ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലേക്കുപോലും എത്താനായില്ല. ജെഡിയുവിന്റെയും ടിഡിപിയുടെയും പിന്തുണയോടെ വീണ്ടും അധികാരം പിടിച്ച ബിജെപി ആദ്യം ലക്ഷ്യമിട്ടത് പ്രതിപക്ഷ കൂട്ടായ്മയിൽ വിള്ളൽ സൃഷ്ടിക്കാനാണ്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലും മറ്റും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ ലക്ഷ്യംനേടാൻ ബിജെപിയെ സഹായിച്ചു. ആം ആദ്‌മി പാർടിയും തൃണമൂലും ഇന്ത്യ കൂട്ടായ്‌മയിൽ നിന്നകന്നു. കോൺഗ്രസിന്റെ തണുപ്പൻ നിലപാടിനെതിരായി ഒമർ അബ്‌ദുള്ളയെയും അഖിലേഷ് യാദവിനെയും പോലുള്ള നേതാക്കൾക്ക് പരസ്യവിമർശം നടത്തേണ്ടിവന്നു.

കേന്ദ്രസർക്കാർ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ തുടക്കമിട്ട ബിഹാറിലെ വോട്ടർപട്ടികയുടെ പുനഃപരിശോധന അഭിപ്രായവ്യത്യാസങ്ങൾ മറന്ന് വീണ്ടും കൈകോർക്കാർ പ്രതിപക്ഷ പാർടികൾക്ക് അവസരമൊരുക്കി. ഇന്ത്യ കൂട്ടായ്‌മയിൽ ഇല്ലെന്ന് പ്രഖ്യാപിച്ച എഎപിയും അകന്നുനിന്ന തൃണമൂലും പ്രതിഷേധത്തിൽ ആവേശപൂർവ്വം പങ്കെടുത്തു. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയ്‌ക്കും തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്‌പക്ഷതയ്‌ക്കും ജനാധിപത്യത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് തന്നെയാണ് പ്രതിപക്ഷത്തിന്റെ യോജിപ്പ്.
കമീഷന്റെ ധിക്കാരപരമായ നിലപാടിനെതിരായ പ്രക്ഷോഭം ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഏകാധിപത്യ നിലപാടുകളുമായി മുന്നോട്ടുപോകുന്ന മോദി സർക്കാരിന് പ്രതിപക്ഷ ഐക്യം വെല്ലുവിളിയാകും.
അടിച്ചമർത്താനുള്ള നീക്കം അപലപനീയം: സിപിഐ എം
പ്രതിപക്ഷ എംപിമാരുടെ മാർച്ചിനെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നടപടിയെ സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ അപലപിച്ചു. കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനുമെതിരായ സമരം പാർലമെന്റിന് പുറത്തേക്കുകൂടി വ്യാപിപ്പിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാർച്ച്. സമരത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ബിഹാറിലെ പുനഃപരിശോധനയടക്കം തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ ഏകപക്ഷീയമാണെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു.
ഐതിഹാസിക പോരാട്ടമാണ് പാർലമെന്റ് സ്ട്രീറ്റിൽ കണ്ടതെന്ന് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. ഇത്രയും എംപിമാർ കൂട്ടായി തെരുവിലിറങ്ങിയ സംഭവം മുമ്പുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെങ്കിൽ ജനാധിപത്യമാണ് അപകടത്തിലാവുക. അഭൂതപൂർവ്വമായ ഐക്യം പ്രതിഷേധത്തിൽ പ്രകടമായി. വിവിധ ചേരികളിൽ നിൽക്കുന്ന പാർടികൾ പോലും കൈകോർത്ത് മാർച്ച് ചെയ്‌തു–- ബ്രിട്ടാസ് പറഞ്ഞു.
കാണാൻ കൂട്ടാക്കാതെ തെര.കമീഷൻ
ബിഹാർ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന, രാജ്യവ്യാപക വോട്ടുതട്ടിപ്പ് തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ എംപിമാരെ കാണാൻ കൂട്ടാക്കാത്ത തെരഞ്ഞെടുപ്പ് കമീഷൻ നിലപാട് വിവാദമാകുന്നു. ചോദ്യങ്ങൾ ഉയർത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തുന്ന കമീഷൻ പ്രതിപക്ഷനേതാക്കളെ കാണാൻപോലും കൂട്ടാക്കില്ലെന്ന ധിക്കാര നിലപാടിലേക്കാണ് നീങ്ങിയത്.
കമീഷൻ ഓഫീസിന് മുന്നിലേയ്ക്കുള്ള എംപിമാരുടെ മാർച്ച് തടയുകയെന്ന ലക്ഷ്യത്തോടെ തന്ത്രപൂർവ്വമാണ് മോദി സർക്കാരും തെരഞ്ഞെടുപ്പ് കമീഷനും നീങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസുമായി ഒത്തുചേർന്നായിരുന്നു കരുനീക്കങ്ങൾ. വിവിധ കേന്ദ്രസേനകളെയും വിന്യസിച്ചു. എംപിമാരുടെ മാർച്ചിന് അനുമതിയില്ലെന്ന് ഡൽഹി പൊലീസ് ഞായറാഴ്‌ചതന്നെ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പരമാവധി 30 എംപിമാരെ മാത്രം കാണാമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചു. മുപ്പതിൽ കൂടുതൽ എംപിമാർ എത്തിയെന്ന പേരിലായിരുന്നു പൊലീസിന്റെ ഇടപെടലും ബലപ്രയോഗവും. വനിതാ എംപിമാരെയടക്കം ബലമായി നീക്കി.
പാർലമെന്റിൽനിന്ന് ഒരു കിലോമീറ്റർമാത്രം അകലെയുള്ള തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലെത്തി നിവേദനം നൽകാൻ സമാധാനപരമായി നീങ്ങിയ എംപിമാരെയാണ് പൊലീസ് തടഞ്ഞത്. തുടർന്ന് ബസുകളിൽ കമീഷൻ ഓഫീസിന് മുന്നിലൂടെ തന്നെ പാർലമെന്റ് സ്‌ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലേക്കും കൊണ്ടുപോയി.
എംപിമാരുടെ അറസ്റ്റ് ജനാധിപത്യലംഘനം : കർഷക തൊഴിലാളി യൂണിയൻ
ജനങ്ങളുടെ വോട്ടവകാശം ഹനിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്ത പൊലീസ് നടപടിയെ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ അപലപിച്ചു. കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വി ശിവദാസൻ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റുചെയ്‌തത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽപ്പെടുന്ന ജനങ്ങളെ വോട്ടർപ്പട്ടികയിൽനിന്നും ഒഴിവാക്കുകയാണ് തീവ്ര പുനഃപരിശോധനയിലൂടെ കമീഷൻ ചെയ്‌തത്. ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യ ലംഘനമാണെന്നും കർഷക തൊഴിലാളി യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.









0 comments