പാക് സേനയുമായി ഏറ്റുമുട്ടൽ ; പുതിയ വീഡിയോ പുറത്തുവിട്ട് ബിഎസ്‌എഫ്

ന്യൂഡൽഹി
ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് അതിർത്തിയിലും നിയന്ത്രണരേഖയിലുമുണ്ടായ സംഘർഷത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ ബിഎസ്‌എഫ് പുറത്തുവിട്ടു. പാകിസ്ഥാന്റെ നിരവധി അതിർത്തി പോസ്റ്റുകളും പാക് അധീന കശ്‌മീരിലെ ഭീകരതാവളങ്ങളും ഷെല്ലാക്രമണത്തിലൂടെയും മറ്റും തകർക്കുന്നതാണ് അഞ്ച് മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോയിലുള്ളത്.
അഖ്‌നൂർ, സാംബ, ആർഎസ് പുര മേഖലകളിലായി ഭീകരകേന്ദ്രങ്ങൾ തകർത്തെന്ന് ബിഎസ്‌എഫ് ജമ്മു അതിർത്തി ഐജി ശശാങ്ക് ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. മെയ് ഒമ്പതിന് രാത്രിയിൽ അഖ്‌നൂർ മേഖലയിൽ പാക് റേഞ്ചർമാർ പ്രകോപനമില്ലാതെ വെടിയുതിർത്തു. ഇതിന് പകരമായി ലഷ്‌കറെ തായ്‌ബയ്‌ക്ക് ബന്ധമുള്ള ലോണി ഭീകരതാവളം ആക്രമിച്ച് വലിയ നാശം വരുത്തി. മറ്റ് മേഖലകളിലും ഭീകരതാവളങ്ങൾ കൃത്യമായി ലക്ഷ്യംവെച്ചു. അമ്പതോളം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. നുഴഞ്ഞുകയറ്റ ശ്രമം തുടരുമെന്നതിനാൽ അതിർത്തിയിൽ ജാഗ്രത തുടരുകയാണ്. സംഘർഷഘട്ടത്തിൽ മുൻനിരയിൽ ബിഎസ്‌എഫിന്റെ വനിതാ ഓഫീസർമാരും ജവാന്മാരും പങ്കാളികളായെന്നും ശശാങ്ക് ആനന്ദ് അറിയിച്ചു.
ഇന്ത്യൻ ഗ്രാമങ്ങളെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടതെന്ന് ഡിഐജി ചിത്തർപാൽ സിങ് പറഞ്ഞു. പാകിസ്ഥാന്റെ അതിർത്തി പോസ്റ്റുകളും ടവറുകളും ബങ്കറുകളും ബിഎസ്‌എഫ് ആക്രമിച്ചു. 47 അതിർത്തി പോസ്റ്റുകളടക്കം72 പാക് പോസ്റ്റുകൾ തകർക്കാനായെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാംതലമുറ യുദ്ധവിമാനം നിർമിക്കാന്‍ അനുമതി
രാജ്യത്തിന്റെ വ്യോമപ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയമായി അഞ്ചാംതലമുറ യുദ്ധവിമാനങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റുകൾ (എഎംസിഎ) സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമിക്കും. താൽപര്യ പത്രം ഉടൻ ക്ഷണിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയായിരിക്കും നടത്തിപ്പ്.
2029ൽ മാതൃക പുറത്തിറക്കാനും 2032ൽ നിർമാണം തുടങ്ങാനുമാണ് ലക്ഷ്യമിടുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് വ്യോമപ്രതിരോധം ശക്തമാക്കാനുള്ള തീരുമാനം.









0 comments