ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി ഇന്ന് ഇന്ത്യയിലെത്തും

ഫയൽ ചിത്രം
ന്യൂഡൽഹി: സംഘർഷം രൂക്ഷമാകുന്ന സഹചര്യത്തിൽ ഇറാനിൽ നിന്ന് ഇന്ത്യക്കെരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ സിന്ധു തുടരുന്നു. ഇറാനിലെ മഷാദിൽ നിന്ന് ഇന്ത്യൻ പൗരന്മാരുമായി രണ്ട് വിമാനങ്ങൾ കൂടി ഇന്ന് ഡൽഹിയിൽ എത്തും. ആദ്യ വിമാനം വൈകിട്ട് 4.30നും രണ്ടാമത്തേത് രാത്രി 11.30നുമാണ് ഡൽഹിയിലെത്തുക. ഓപ്പറേഷൻ സിന്ധുവിന് കീഴിൽ ഇതുവരെ 517 ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്.
നേപ്പാൾ, ശ്രീലങ്ക , ഇറാനിലെ ഇന്ത്യൻ എംബസി വഴി നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരെയും തിരികെ എത്തിക്കും. ഇരു രാജ്യങ്ങളിലെയും സർക്കാരുകളുടെ അഭ്യർഥനപ്രകാരമാണ് നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരുെയും ഓപ്പറേഷൻ സിന്ധുവിൽ ഉൾപ്പെടുത്തുന്നതെന്ന് തെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഈ രാജ്യങ്ങളിലെ പൗരന്മാരോട് എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.
ഇറാനിൽ നിന്ന് 290 പേരുമായി രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 11.30ഓടെ മഷാദിൽ നിന്നുമാണ് ഒരു വിമാനമെത്തിയത്. ഇറാന്റെ മഹാൻ എയർലൈൻസിലാണ് വിദ്യാർഥികളെ ഇന്ത്യയിൽ എത്തിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ തുർക്ക്മെനിസ്ഥാനിൽ നിന്നും അടുത്ത സംഘം എത്തി. കശ്മീർ, ഡൽഹി, കർണാടക, ബംഗാൾ സ്വദേശികളാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇറാൻ വ്യോമാതിർത്തി തുറന്നതോടെയാണ് രണ്ട് വിമാനങ്ങളിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായത്. ഇന്ത്യൻ വിദ്യാർഥികളും തീർഥാടകരും സംഘത്തിൽ ഉൾപ്പെടും. ഇതോടെ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി മൂന്ന് സംഘങ്ങൾ നാട്ടിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയക്കുന്നതിനായി തെഹ്‌റാനിൽ നിന്ന് മഷാദിലേക്ക് മാറ്റിയിട്ടുണ്ട്. തുടർന്നാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിച്ചത്.
വ്യാഴാഴ്ച പുലർച്ചെയാണ് ഇറാനിൽ നിന്ന് അർമേനിയയിലേക്ക് മാറ്റിയ വിദ്യാർഥികളുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തിയത്. ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെത്തുടർന്നാണ് വിദ്യാർഥികളെ ഒഴിപ്പിച്ചത്. അർമേനിയയിലേക്ക് മാറ്റിയ വിദ്യാർഥികളെ ഇന്ത്യയിലേയ്ക്ക് വ്യോമ മാര്‍ഗം എത്തിക്കുകയായിരുന്നു. 110 പേരെയാണ് ആദ്യം രാജ്യത്തെത്തിച്ചത്. 300-400 വിദ്യാർഥികൾ ഇന്ന് സുരക്ഷിതമായി അർമേനിയയിൽ എത്തിയിട്ടുള്ളതായാണ് വിവരം.









0 comments