ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 14 മലയാളികളും ഇസ്രയേലിൽ നിന്ന് ഒരാളും തിരിച്ചെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 14 മലയാളികൾ കൂടി ഡൽഹിയിലെത്തി. ചെവ്വാഴ്ച പുലർച്ചെ 3.30ന് ഡൽഹിയിലെത്തിയ യാത്ര സംഘത്തിലെ 12 പേർ വിദ്യാർഥികളാണ്. ഇസ്രയേലിൽ നിന്നും കൊല്ലം കൊട്ടാരക്കര സ്വദേശി ശ്രീലക്ഷ്മി തുളസിധരനും ഡൽഹിയിലെത്തി. ഹീബ്രൂ യൂണിവേഴ്സിറ്റി ഓഫ് ജെറുസലേമിലെ ഒന്നാം വർഷ പിഎച്ച്ഡി വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി രാവിലെ എട്ടു മണിക്കാണ് ഡൽഹിയിലെത്തിയത്.
കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസ് വിദ്യാർഥികളായ മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഫ് ലിഹ പടുവൻപാടൻ, കാസർകോട് വിദ്യാനഗർ സ്വദേശി ഫാത്തിമ ഫിദ ഷെറിൻ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ആയിഷ ഫെബിൻ മച്ചിൻ ചേരിതുമ്പിൽ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ഫർസാന മച്ചിൻചേരി, കോഴിക്കോട് കൊയിലാണ്ടി സ്വദേശി റെനാ ഫാത്തിമ, കാസർകോട് നായന്മാർ മൂല സ്വദേശി നസ്രാ ഫാത്തിമ, മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ വി, കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ കെ കെ, കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്നാൻ ഷെറിൻ, എറണാകുളം നോർത്ത് പറവൂർ സ്വദേശി മുഹമ്മദ് ഷഹബാസ് എന്നിവരും തുശൂർ സ്വദേശി യൂസഫലി റാഹിം മരയ്ക്കാർ അലിയും, പാലക്കാട് സ്വദേശി സന്തോഷ് കുമാറുമാണ് ഇറാനിൽ നിന്ന് നാട്ടിലെത്തിയത്.
വിവിധ വിമാനങ്ങളിലായി ഇവർ കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലേക്ക് പുറപ്പെട്ടു. ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് ഓപ്പറേഷൻ സിന്ധു ആരംഭിച്ചത്. ടെൽ അവീവിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ആഴ്ച കൺട്രോൾ റൂം തുറന്നിരുന്നു. ഇസ്രയേലിലുടനീളമുള്ള ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ സമാഹരിച്ച് ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ കൺട്രോൾ റൂം ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിച്ചിരുന്നു.









0 comments