വീട്ടുതടങ്കൽ മറികടന്ന് രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ഒമർ അബ്ദുള്ള: മുഖ്യമന്ത്രി എത്തിയത് മതിൽ ചാടിക്കടന്ന്
ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കി കേന്ദ്ര സേന. നൗഹട്ടയിലെ രക്തസാക്ഷി സ്മാരകം സന്ദർശിക്കുന്നത് തടയാനാണ് സുരക്ഷാ സേന തടങ്കലിൽ വച്ചതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. തനിക്കൊപ്പം മറ്റ് മുതിർന്ന നേതാക്കളെയും വീട്ടുതടങ്കലിൽ വച്ചു. ഇത് "തെരഞ്ഞെടുക്കപ്പെടാത്തവരുടെ സ്വേച്ഛാധിപത്യം" ആണെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
1931-ൽ ദോഗ്ര ഭരണത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ട കശ്മീരികളുടെ അനുസ്മരണ ദിനം ജൂലൈ 13 നായിരുന്നു. എന്നാൽ ഞായറാഴ്ച രക്തസാക്ഷി സ്മാരകം (മസാർ-ഇ-ഷുഹാദ) സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കുന്നതിൽനിന്നും തന്നെ സേന തടഞ്ഞതായി ഒമർ അബ്ദുള്ള പറഞ്ഞു.
ഞായറാഴ്ച പ്രദേശത്തെത്തി ആദരമർപ്പിക്കാൻ ഒമർ അബ്ദുള്ളയ്ക്ക് അനുവാദമില്ലെന്ന് സുരക്ഷാ സേന അറിയിച്ചു. തുടർന്നാണ് ഒമര്‍ അബ്ദുള്ളയെ സേന വീട്ടുതടങ്കലിലാക്കിത്. എന്നാൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, തിങ്കളാഴ്ച രക്തസാക്ഷി സ്മാരകത്തിലെത്തി മുഖ്യമന്ത്രി ആദരം അർപ്പിച്ചു.
സുരക്ഷാ ബാരിക്കേഡുകൾ മറികടന്ന് മതിൽ ചാടിക്കടന്നാണ് രക്തസാക്ഷി സ്മാരകത്തിന്റെ അകത്ത് പ്രവേശിച്ചത്. ജമ്മുകശ്മീർ മന്ത്രിസഭയിലെ മന്ത്രിമാർക്കൊപ്പമാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നൗഹട്ടയിലെ സ്മാരകത്തിൽ എത്തിയത്.
1931 ജൂലൈ 13ന് അന്നത്തെ കശ്മീർ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ കശ്മീർ ജനത പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് നടന്ന പ്ക്ഷോഭത്തിൽ 21 കശ്മീരികൾ കൊല്ലപ്പെട്ടു. അവരുടെ സ്മൃതി കുടീരമാണ് നൗഹട്ടയിലുള്ളത്. ജൂലൈ 13ന് സ്മാരകത്തിൽ പുഷ്പാർച്ചന അർപ്പിക്കാൻ എത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ഇതിന് തടയിടുന്നതിനായി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിരോധനാഞ്ജ പുറപ്പെടുവിച്ചിരുന്നു. നൗഹട്ടിലേക്ക് പുഷ്പാർച്ചന നടത്താൻ വരരുത് എന്ന് നിർദേശവും നൽകി. 1931ൽ നടന്ന പ്രതിഷേധം രാജ്യവിരുദ്ധ പ്രവർത്തനമായാണ് ബിജെപി ഭരണകൂടം കണക്കാക്കുന്നത്. അന്ന് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവർ ഭീകരവാദികളെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
അതിനാൽ രക്ത സാക്ഷി ദിനത്തിൽ നേതാക്കൾ സ്മാരകത്തിൽ ആദരം അർപ്പിക്കുന്നത് തടയുക എന്നതായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. ജമ്മു കശ്മീരിലെ നിരവധി നേതാക്കളെയാണ് ഇന്നലെ സുരക്ഷാ സേന വീട്ടുതടങ്കലിലാക്കിയത്. സിപിഐ എം നേതാവും ജമ്മു കശ്മീർ എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ വീട്ടുതടങ്കലിൽ വച്ചിരുന്നു. ഇതിൽ സിപിഐ എം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.










0 comments