സംസ്കരിക്കണമെങ്കില്‍ മൃതദേഹം മതം മാറണം ; ഒഡിഷയിൽ ന്യൂനപക്ഷവേട്ട

ന്യൂഡൽഹി
ബിജെപി അധികാരത്തിലെത്തിയശേഷം ഒഡിഷയിൽ ക്രൈസ്തവർക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായ അതിക്രമങ്ങൾ കൂടുന്നതായി റിപ്പോർട്ട്. സംസ്ഥാന ആദിവാസി ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ സ്വന്തം ജില്ലയിൽ ക്രൈസ്തവ വിഭാഗത്തിലുള്ളവരുടെ മൃതദേഹം സംസ്കരിക്കണമെങ്കിൽ ഹിന്ദു മതത്തിലേക്ക് മാറ്റണം.
സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് ‘മതപരിവർത്തനം’ നടത്തിയതുൾപ്പെടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഒഡിഷയിലെ നബരംഗ്‌പുർ ജില്ലയിൽ ലോയേഴ്‌സ് ഫോറവും സാമൂഹ്യ പ്രവർത്തകരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
ഗുരുതര ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ് ജില്ലയിൽ നടക്കുന്നതെന്നും വർഗീയ കലാപത്തിന്റെ വക്കിലാണ് പല ഗ്രാമങ്ങളുമെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടിക വർഗവിഭാഗത്തിലുള്ളവർക്ക് പൊതുശ്മശാനങ്ങളിൽ സംസ്കാരം നടത്താൻ അനുമതിയില്ല. ക്രൈസ്തവരുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും മൃതദേഹം സ്വന്തം വീട്ടിലോ ഗ്രാമത്തിലോ സംസ്കരിക്കണമെങ്കിൽ ഹിന്ദുമതത്തിലേക്ക് മാറ്റണം. അല്ലെങ്കിൽ വനത്തിൽ സംസ്കരിക്കണം.
മെൽബെദ ഗ്രാമത്തിൽ സ്വന്തം ഭൂമിയിൽ സംസ്കരിച്ച 20 വയസ്സുള്ള ക്രിസ്ത്യൻ യുവാവിന്റെ മൃതദേഹം ഗ്രാമത്തിലെ ഹിന്ദുത്വവാദികൾ ബലമായി പുറത്തെടുത്ത് ചിതകൊളുത്തി സംസ്കരിച്ചു. മെഞ്ചാർ ഗ്രാമത്തിൽ ദളിത് ക്രിസ്ത്യൻ യുവാവിന്റെ മൃതദേഹം സുരക്ഷിതമായി സംസ്കരിക്കാൻ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യേണ്ടി വന്നു. ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനത്തിന്റെ എട്ടോളം കേസുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം നബരംഗ്‌പുർ ജില്ലയിലെ ജനസംഖ്യയിൽ പകുതിയിലേറെയും അതിദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഹിന്ദു ഭൂരിപക്ഷ ഗ്രാമങ്ങളിൽ പലയിടത്തും പത്തിൽ താഴെ ക്രൈസ്തവ കുടുംബങ്ങൾ മാത്രമാണുള്ളത്.
പല കേസുകളിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു എന്നല്ലാതെ ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.









0 comments