ഛത്തീസ്‌ഗഡിൽ ക്രൈസ്‌തവവേട്ട; കള്ളക്കേസിൽ കുടുക്കി കന്യാസ്‌ത്രീകളെ ജയിലിലടച്ചു

വന്ദന ഫ്രാൻസിസും പ്രീതി മേരിയും

സ്വന്തം ലേഖകൻ
Published on Jul 28, 2025, 12:17 AM | 1 min read
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റുചെയ്‌ത കന്യാസ്‌ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെ കള്ളക്കേസിൽ കുടുക്കി റിമാൻഡ്‌ചെയ്‌തു. ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്‌രംഗ്‌ദൾ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമങ്ങൾക്കും ശേഷമാണ് ഇവർക്കെതിരെ പൊലീസ് കള്ളക്കേസ് ചുമത്തിയത്.
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്ത പൊലീസ് പ്രാഥമികാന്വേഷണം പോലും നടത്താൻ തയ്യാറാകാതെ ദുർഗിലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ രണ്ടു പെൺകുട്ടികൾക്കൊപ്പം എത്തിയപ്പോൾ ടിടിഇ തടയുകയായിരുന്നു. ഇയാൾ അറിയിച്ചതനുസരിച്ചാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ റെയിൽവെ സ്‌റ്റേഷനിലെത്തി ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും വിധേയരാക്കിയത്. പെൺകുട്ടികളുടെ സഹോദരൻ മതപരിവർത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടർന്നു. ബജ്‌രംഗ്‌ദളുകാർ തന്നെയാണ് കന്യാസ്‌ത്രീകളെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
ഹിന്ദുത്വവാദികൾ ആൾക്കൂട്ട വിചാരണയും അതിക്രമം നടത്തിയതിൽ സമഗ്ര അന്വേഷണം വേണമെന്നും കന്യാസ്‌ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായ്‌ക്ക് സിപിഐ എം രാജ്യസഭ കക്ഷി നേതാവ് ജോൺബ്രിട്ടാസ് കത്തയച്ചു.
ഭരണഘടനാവിരുദ്ധം, കേന്ദ്രം ഇടപെടണം: സിബിസിഐ
ഛത്തീസ്‌ഡിൽ കന്യാസ്‌ത്രീകളെ ആൾക്കൂട്ട വിചാരണയ്‌ക്ക് വിധേയരാക്കി അറസ്റ്റ്‌ചെയ്‌ത സംഭവത്തിൽ കടുത്ത അമർഷവും ആശങ്കയും രേഖപ്പെടുത്തി കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). കള്ളക്കേസാണ് ചുമത്തിയത്. മതവിശ്വാസികളായ സ്‌ത്രീകൾ പീഡനത്തിനും കള്ളപ്രചാരണങ്ങൾക്കും കെട്ടിച്ചമച്ച കേസുകൾക്കും വിധേയരാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. സ്‌ത്രീത്വത്തെ അപമാനിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു. കന്യാസ്‌ത്രീകളുടെ ജീവൻ പോലും അപകടത്തിലാക്കിയ ഭരണഘനാവിരുദ്ധ നടപടി സഭ അംഗീകരിക്കില്ല. കേന്ദ്രസർക്കാർ ഉടൻ ഇടപെടണം.
സംഘപരിവാർ ‘ഭീഷണി’കളുടെ ഭാഗം
സംഘപരിവാർ ഉയർത്തുന്ന ‘ഭീഷണി’കളുടെ ഭാഗമാണിതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ക്രൈസ്‌തവർക്കും മുസ്ലിങ്ങൾക്കും കമ്യൂണിസ്റ്റുകൾക്കും നേരെയുള്ള മറ്റൊരു അക്രമ സംഭവമാണിത്. ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് എല്ലാവരും ഉണരണം–- അദ്ദേഹം പറഞ്ഞു.









0 comments