തൊഴിലുറപ്പിന് മരണമണി

ന്യൂഡൽഹി
: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്) വിഹിതത്തിൽ ഒരു രൂപപോലും വർധിപ്പിക്കാതെ കേന്ദ്ര ബജറ്റ്. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് ബജറ്റ് പ്രസംഗത്തിൽ ഒരു പരാമർശംപോലുമില്ല.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 86,000 കോടി തന്നെയാണ് ഇക്കുറിയും. ഒന്നും രണ്ടും മോദി സർക്കാരിന്റെ ബജറ്റുകളിലും തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാര്യമായി വെട്ടിക്കുറച്ചിരുന്നു. പദ്ധതിയെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന വിമർശം ശക്തമായിരുന്നു.
കോവിഡിനുശേഷം പദ്ധതിയെ ആശ്രയിക്കുന്ന ഗ്രാമീണരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. മഹാമാരിക്കുമുമ്പ് 6.16 കോടി കുടുംബങ്ങളാണ് പദ്ധതിക്ക് കീഴിലുണ്ടായിരുന്നത്.
2020–-21ൽ തൊഴിൽതേടുന്ന കുടുംബങ്ങളുടെ എണ്ണം 33 ശതമാനം വർധിച്ച് 8.55 കോടിയായി. പിന്നീടും വൻ വർധനയുണ്ടായി. ഇതൊന്നും പരിഗണിക്കാതെയാണ് കേന്ദ്രം തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം തുടർച്ചയായി വെട്ടിക്കുറയ്‌ക്കുന്നത്. 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൊഴിലുറപ്പ് പദ്ധതിയെ ‘പ്രതിപക്ഷത്തിന്റെ തോൽവിയുടെ ശവകുടീരം’–- എന്ന് വിളിച്ചും പരിഹസിച്ചിരുന്നു.









0 comments