അമേരിക്കൻ താൽപര്യങ്ങൾക്ക് കീഴടങ്ങരുത്: സംയുക്ത കിസാൻ മോർച്ച; 13ന് വിപുലമായ പ്രതിഷേധം

skm protest

പഞ്ചാബിലെ മോഗയിൽ കിസാൻ മഹാപഞ്ചായത്തിനെത്തിയവരെ നേതാക്കള്‍ അഭിവാദ്യംചെയ്യുന്നു ഫോട്ടോ: പി വി സുജിത്‌

വെബ് ഡെസ്ക്

Published on Aug 07, 2025, 05:25 PM | 2 min read

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയെ ശക്തമായി എതിർക്കുന്നതായി സംയുക്ത കിസാൻ മോർച്ച. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവയും ഇന്ത്യയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50 ശതമാനമാകും. ഇത് ലോകത്തിലെ ഏതൊരു രാജ്യത്തിനുള്ളതിനേക്കാളും ഉയർന്നതാണ്. ലോകത്തിലെ പ്രമുഖ സാമ്രാജ്യത്വ രാജ്യം ഇന്ത്യയിലെ ജനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധത്തെ അസഹിഷ്ണുതയുടെ അടയാളമായി കണക്കാക്കുന്നതായി എസ്കെഎം പറഞ്ഞു. ആ​ഗസ്ത് 13ന് തൊഴിലാളി-കർഷക സംയുക്ത പ്രതിഷേധം രാജ്യവ്യാപകമായി നടത്തുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.


ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് ഉന്നയിക്കുന്ന വാദം ബാലിശമാണ്. യൂറോപ്യൻ യൂണിയനും യുഎസും റഷ്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നുണ്ട്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി യുഎസിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പല്ലേഡിയം (37%), യുറേനിയം (28%), വളങ്ങൾ (21%) എന്നിവയുടെ ഇറക്കുമതിയുടെ കാര്യത്തിലും വർധനവുണ്ട്. ആ​ഗസ്ത് 2ലെ കണക്കുകൾ പ്രകാരം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൈനയുടേതിനെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാൽ ചെനയ്ക്ക് 30 ശതമാനവും ഇന്ത്യയ്ക്ക് 50 ശതമാനവും തീരുവയാണ് ഏർപ്പെടുത്തിയത്.


യുഎസ് തങ്ങളുടെ സാമ്പത്തിക, സൈനിക ശക്തി ദുരുപയോഗം ചെയ്യുകയാണ്. അമേരിക്കയെ പ്രീതിപ്പെടുത്താൻ ഇന്ത്യയ്ക്ക് അതിന്റെ പരമാധികാരം ഉപേക്ഷിക്കാൻ കഴിയില്ല. ഏറ്റവും കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്. എണ്ണവില ഉയർത്തി ഇന്ത്യയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ കഴിയില്ല. കൃഷി, മത്സ്യബന്ധനം, ക്ഷീരോൽപ്പാദനം എന്നിവയടങ്ങിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഭീമൻ ബിസിനസ് കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും തുറന്നുകൊടുക്കുക എന്നതാണ് യുഎസിന്റെ യഥാർഥ ലക്ഷ്യം. കർഷക സമൂഹത്തിന്റെ താൽപ്പര്യങ്ങൾ ഇന്ത്യയ്ക്ക് അവഗണിക്കാൻ കഴിയില്ല. ഇന്ത്യയിലെ അമ്പത് ശതമാനത്തിലധികം ആളുകൾ കൃഷിയിൽ നിന്നാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. ഇന്ത്യയിൽ കാർഷിക മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികളുടെ എണ്ണം 48 ശതമാനം ആണ്. അമേരിക്കയിൽ ഇത് 2.6 ശതമാനം മാത്രമാണ്.


ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കും എന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടി. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങരുതെന്ന് മോദി സർക്കാരിനോട് എസ്കെഎം ശക്തമായി ആവശ്യപ്പെടുന്നു.


സ്വതന്ത്ര വ്യാപാര കരാറിൽ ഇതുവരെ നടത്തിയ ചർച്ചകൾ പാർലമെന്റ് പുനഃപരിശോധിക്കണമെന്നും കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും എസ്കെഎം ആവശ്യപ്പെട്ടു. സാമ്രാജ്യത്വ തന്ത്രങ്ങൾക്കെതിരെ രാജ്യത്തിന്റെ ഐക്യം കേന്ദ്ര ഗവൺമെന്റ് ഉയർത്തിപ്പിടിക്കണം. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും അണിനിരക്കും.


ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കുമേലുള്ള ഉപരോധത്തിനെതിരെ അണിനിരക്കാൻ കർഷകരോടും തൊഴിലാളികളോടും എല്ലാ ജനങ്ങളോടും ആഹ്വാനം ചെയ്യുന്നതായി എസ്‌കെഎം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും ട്രംപിന്റെ കോലം കത്തിക്കാൻ കർഷകരോട് ആഹ്വാനം ചെയ്യുന്നതായും പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 83-ാം വാർഷികത്തോടനുബന്ധിച്ച് ആ​ഗസ്ത് 13ന് തൊഴിലാളി-കർഷക സംയുക്ത പ്രതിഷേധം കൂടുതൽ വിപുലമായി സംഘടിപ്പിക്കാൻ അഭ്യർഥിക്കുന്നതായും എസ്കെഎം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home